Saturday, May 18, 2024
indiaNewsUncategorizedworld

ലോകസമാധാനത്തിന് ബുദ്ധസന്ദേശം പിന്തുടരണം: ദലായ് ലാമ

ന്യൂഡല്‍ഹി: ലോകസമാധാനമാണ് മാനവരാശിയുടെ പുരോഗതിയുടെ അടിസ്ഥാനമെന്നും ബുദ്ധഭഗവാന്റെ പ്രപഞ്ച തത്വം വിശ്വശാന്തിക്കായുള്ളതാണെന്നും ആഗോള ബുദ്ധ സന്യാസി സമൂഹം ആഹ്വാനം ചെയ്തു. ബുദ്ധപൂര്‍ണ്ണിമയോടനുബന്ധിച്ചാണ് സന്യാസി സമൂഹം ലോകസമാധാന ആഹ്വാനം നടത്തിയത്.

അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫഡറേഷനാണ് വീഡിയോ സന്ദേശങ്ങളിലൂടെ ലോകരാഷ്ട്രങ്ങളിലടക്കം സമാധാന സന്ദേശം നല്‍കിയത്. ഇന്ത്യയില്‍ സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച് നടന്ന ബുദ്ധപൂര്‍ണ്ണിമ പരിപാടിയില്‍ ധര്‍മ്മശാലയടക്കമുള്ള ബുദ്ധ വിഹാരങ്ങളിലെ ദലായ് ലാമ അടക്കമുള്ള ആചാര്യന്മാരാണ് വിവിധ ഭാഷകളില്‍ ബുദ്ധപൂര്‍ണ്ണിമ സന്ദേശം നല്‍കിയത്. കംബോഡിയ, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദേശവും അനുയായികളിലേയ്ക്ക് എത്തി.

‘നമ്മള്‍ വൈശാഖ ശുക്ലപക്ഷത്തില്‍ ഭഗവാന്‍ ശ്രീബുദ്ധന്റെ ഓര്‍മ്മകളിലാണ്. മാനവ സമൂഹത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്ത മതമാണ് ബുദ്ധമതം. ഈ നൂറ്റാണ്ടില്‍ അനുഭവിക്കാത്ത ദുരിതകാലമാണ് കൊറോണയുടേത്. അതുണ്ടാക്കിയത് അപ്രതീക്ഷിത തകര്‍ച്ചകളാണെന്ന് എല്ലാവരും തിരിച്ചറിയുന്നു.’ ദലായ് ലാമ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യവംശം ആഗ്രഹിക്കുന്ന യുദ്ധമാണ് നടക്കുന്നത്. മനുഷ്യന്റെ വികാരങ്ങള്‍ അതിതീവ്രമായി മാറുകയാണ്. ഇതെല്ലാം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കുന്നു. നമുക്ക് ഈ കാലഘട്ടത്തില്‍ ബുദ്ധഭഗവാന്റെ വചനങ്ങള്‍ പിന്തുടരുകമാത്രമാണ് നല്ല മാര്‍ഗ്ഗമെന്നും ലാമ പറഞ്ഞു.