Tuesday, May 21, 2024
indiaNews

ലഷ്‌കര്‍ ഭീകരനുമായി തെളിവെടുപ്പിനിടെ കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

ശ്രീനഗര്‍: കശ്മീരില്‍ ലഷ്‌കര്‍ ഭീകരനുമായി തെളിവെടുപ്പിനെത്തിയ സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത് ഭീകരര്‍. കഴിഞ്ഞ ദിവസം പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ സിയ മുസ്തഫയെ പ്രദേശത്ത് എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ച് മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാളെ സൈന്യം പിടികൂടുന്നത്.
കശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജോലിയ്ക്കെത്തുന്ന തൊഴിലാളികളെയും തെരുവുകളില്‍ വ്യാപാരം നടത്തുന്നവരെയും ലക്ഷ്യമിട്ടുളള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു. ഈ മാസം മാത്രം ഭീകരരുടെ ആക്രമണത്തില്‍ 11 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പ്രദേശത്ത് നടന്ന പരിശോധനയിലാണ് സിയ മുസ്തഫ പിടിയിലാകുന്നത്.

ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിനായാണ് ഇയാളെ പ്രദേശത്തേയ്ക്ക് എത്തിച്ചത്. ബട്ട ദുര്യനിലെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്കും ഒരു സൈനികനും പരിക്കേറ്റു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് ജമ്മു പോലീസ് അറിയിച്ചു. നിയന്ത്രണ രേഖയ്ക്ക് 12 കിലോമീറ്റര്‍ ഉളളിലാണ് നിലവില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത വെടിവെയ്പാണ് ഇരുപക്ഷത്തും നടക്കുന്നത്.

കഴിഞ്ഞ ദിവസം സിയ മുസ്തഫ ഉള്‍പ്പെടെയുളള ഭീകരരെ പിടികൂടുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തിലെ മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നും ഭീകര താവളം തന്നെ പ്രദേശത്ത് ഉണ്ടെന്നുമുള്ള വിവരത്തെ തുടര്‍ന്നാണ് സിയ മുസ്തഫയുമായി സൈന്യം പ്രദേശത്ത് എത്തിയത്. ഒക്ടോബര്‍ 11 മുതല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണ്.