Wednesday, May 15, 2024
indiaNewspolitics

ഖുശ്ബുവിനെതിരായാണ് ഡിഎംകെ വക്താവ് മോശം പരാമര്‍ശം നടത്തിയത്

ചെന്നൈ : ദേശീയ വനിതാ കമ്മീഷന്‍ അംഗവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഡിഎംകെ വക്താവ് ശിവജി കൃഷ്ണമൂര്‍ത്തിക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി. അച്ചടക്കമില്ലായ്മ ചൂണ്ടിക്കാട്ടിയാണ് കൃഷ്ണമൂര്‍ത്തിയെ ഡിഎംകെ പുറത്താക്കിയത്.  നേരത്തെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയതിന്റെ ഭാഗമായി കൃഷ്ണമൂര്‍ത്തിയെ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും മാപ്പപേക്ഷിച്ചതിനെ തുടര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും അപകീര്‍ത്തി പരാമര്‍ശം നടത്തുകയും സംഭവം വലിയ വിവാദമാകുകയും ചെയ്തതോടെയാണ് ശിവാജി കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുകനാണ് കൃഷ്ണമൂര്‍ത്തിയെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. പ്രാഥമിക അംഗത്വം ഉള്‍പ്പെടെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും കൃഷ്ണമൂര്‍ത്തിയെ പിരിച്ചുവിട്ടതായി ഡിഎംകെ അറിയിച്ചു. ശിവാജി കൃഷ്ണമൂര്‍ത്തിക്കെതിരെ ട്വിറ്ററിലൂടെയും വാര്‍ത്താസമ്മേളനത്തിലൂടെയും അതിരൂക്ഷമായ വിമര്‍ശനമാണ് ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ നടത്തിയിരുന്നത്. ഡിഎംകെയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംസ്‌കാരമാണ് ശിവാജി കൃഷ്ണമൂര്‍ത്തിയിലൂടെ പുറത്തേക്ക് വരുന്നതെന്ന് ഖുശ്ബു ആരോപിച്ചു. ഇത്തരത്തില്‍ നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. തന്നെ മാത്രമല്ല, അപകീര്‍ത്തികരമായ പ്രസ്താവനകളിലൂടെ മഹാനായ കരുണാനിധിയെ അടക്കമാണ് അയാള്‍ അപമാനിക്കുന്നതെന്ന് മനസിലാക്കണം. ഗുണ്ടകളുടെ സുരക്ഷിത താവളമായി മാറുകയാണ് ഡിഎംകെ പാര്‍ട്ടിയെന്നത് ലജ്ജാകരമാണെന്നും ഖുശ്ബു പറഞ്ഞു. ബിജെപി നേതാവിനെക്കുറിച്ച് ഡിഎംകെ പ്രവര്‍ത്തകന്‍ മോശമായി സംസാരിച്ചുവെന്നതല്ല വിഷയം. അത് സ്ത്രീകള്‍ക്കെതിരായ ആക്രമണമാണ്. ഇത്തരക്കാരെ വളര്‍ത്തി ക്കൊണ്ടുവരുന്നതാണ് പുതിയ ദ്രാവിഡ മാതൃകയെന്നും ഖുശ്ബു കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ശിവാജി കൃഷ്ണമൂര്‍ത്തിയെ പുറത്താക്കി ഡിഎംകെ നടപടി സ്വീകരിച്ചത്.