Sunday, May 19, 2024
keralaNews

റെനീസിന് മറ്റൊരു ബന്ധം :വഴക്ക് പതിവ് ;നെജ്ലയെ ഉപദ്രവിച്ചിരുന്നു

ആലപ്പുഴ :പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും പിഞ്ചുമക്കളെയും പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാണെന്നു പൊലീസ് പരഞ്ഞു. മെഡിക്കല്‍ കോളജ് ഔട്പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആലപ്പുഴ നവാസ് മന്‍സില്‍ റെനീസിന്റെ ഭാര്യ നെജ്‌ല (27), മകന്‍ ടിപ്പു സുല്‍ത്താന്‍ (5), മകള്‍ മലാല (ഒന്നര) എന്നിവരെയാണു മരിച്ചനിലയില്‍ എആര്‍ ക്യാംപിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയത്.
നാലു വര്‍ഷം മുന്‍പ് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാനായി എത്തുമ്പോള്‍ നെജ്ലയുടെ കയ്യില്‍ ടിപ്പു സുല്‍ത്താനുണ്ടായിരുന്നു. അവന് ഒരു വയസ്സ് പ്രായം. പിന്നീട് മലാല ജനിച്ചു. ഒരുകൈ കൊണ്ട് മലാലയെ എടുത്തും മറുകൈയില്‍ ടിപ്പുവിനെ പിടിച്ചുമല്ലാതെ നെജ്ലയെ ഞങ്ങള്‍ കണ്ടിട്ടില്ല’ പൊലീസ് ക്വാര്‍ട്ടേഴ്‌സിന്റെ എ ബ്ലോക്കിലെ എ12 നമ്പര്‍ വീട്ടിലെ നെജ്ലയെയും കുട്ടികളെയും പറ്റി അയല്‍ക്കാരുടെ വാക്കുകള്‍.

‘കുസൃതിക്കാരായിരുന്നു മക്കള്‍. നെജ്ലയുമായി വഴക്കിടും. എന്നാല്‍ അവള്‍ ശാസിക്കില്ല. കടയില്‍ പോയാലും കുട്ടികള്‍ ഒപ്പം കാണും. ഇങ്ങനെ ഒരുമിച്ചു ജീവനില്ലാതെ കിടക്കുന്നത് കാണേണ്ടിവരുമെന്നു കരുതിയില്ല’ അയല്‍വാസികള്‍ പറഞ്ഞു. റെനീസിന്റെ ഫോണ്‍ വന്ന ശേഷം അയല്‍വീട്ടുകാര്‍ നെജ്ലയുടെ വീടിന്റെ വാതിലില്‍ മുട്ടി. പിന്നീട് ഫോണിലും വിളിച്ചു. കതക് തുറക്കാതെ വന്നപ്പോള്‍ പേടിയായി. ഇവരുടെ നിലവിളി കേട്ട് അടുത്ത ബ്ലോക്കിലെ താമസക്കാരുമെത്തി.

അപ്പോഴേക്കും റെനീസ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ആലപ്പുഴ ഫയര്‍‌സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസര്‍ ടി.ബി.വേണുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണു പൂട്ടുപൊളിച്ച് അകത്ത് കടന്നത്. ‘വാതില്‍ തുറക്കാന്‍ പറ്റുന്നില്ലെന്നാണു ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത്. അകത്ത് കയറുന്നതുവരെ ഇത്തരത്തിലൊരു സംഭവമായിരിക്കുമെന്ന് കരുതിയില്ല. റെനീസ് ബക്കറ്റില്‍നിന്നു കുഞ്ഞിനെ എടുത്തെങ്കിലും ആംബുലന്‍സ് വന്നപ്പോഴേക്കും മരിച്ചിരുന്നു’ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ജയസിംഹന്‍ പറഞ്ഞു.

നെജ്ലയെ റെനീസ് പതിവായി ഉപദ്രവിച്ചിരുന്നെന്നും തിങ്കളാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായും അയല്‍ക്കാര്‍ തന്നോട് പറഞ്ഞെന്നു നെജ്ലയുടെ സഹോദരി നെഫ്ല പറഞ്ഞു. ‘വഴക്ക് പതിവായിരുന്നു. പലതവണ ബന്ധം ഉപേക്ഷിച്ച് വരാന്‍ പറഞ്ഞെങ്കിലും വിസമ്മതിച്ചു. ബന്ധം ഉപേക്ഷിച്ചാല്‍ അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. 8 വര്‍ഷം മുന്‍പായിരുന്നു വിവാഹം. വിവാഹത്തിനു കുറച്ചു നാളുകള്‍ക്കു ശേഷം സാമ്പത്തിക പ്രശ്‌നങ്ങള്‍ പറഞ്ഞ് വഴക്കു തുടങ്ങി. രണ്ടാം തവണ നെജ്ല ഗര്‍ഭിണിയായപ്പോഴാണ് റെനീസിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിയുന്നത്.രണ്ടാം കുഞ്ഞ് ജനിച്ചു ദിവസങ്ങള്‍ക്കു ശേഷം ശാരീരികമായി ഉപദ്രവിച്ചു. അന്നു കേസ് കൊടുത്തെങ്കിലും ഒത്തുതീര്‍പ്പാക്കി. പിന്നീടും ഉപദ്രവം തുടര്‍ന്നു. ഫോണ്‍ വിളിക്കാന്‍ അനുവദിക്കില്ലായിരുന്നു. റെനീസ് ഉണ്ടെങ്കില്‍ ഫോണ്‍ വിളിച്ചാലും എടുക്കില്ല. ഇത്തരത്തില്‍ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇന്നലെ ഇവരുടെ ഫ്‌ലാറ്റില്‍ ഒരു സ്ത്രീ വന്നിരുന്നെന്നു അടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍ പറഞ്ഞു. കേസില്‍ നിയമപരമായി മുന്നോട്ട് പോകും’ സഹോദരി പറഞ്ഞു.