Tuesday, May 21, 2024
indiaNews

രാഹുല്‍ നവീന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ മേധാവി

ന്യൂഡല്‍ഹി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആക്ടിങ് ഡയറക്ടറായി രാഹുല്‍ നവീനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. 1993 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് രാഹുല്‍ നവീന്‍. ആദായനികുതി വിഭാഗത്തിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇഡി ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിജിലന്‍സ് മേധാവിയായും പ്രവര്‍ത്തിക്കും. ബിഹാര്‍ സ്വദേശിയാണ് രാഹുല്‍ നവീന്‍.2018 ല്‍ ഇഡി മേധാവിയായ സഞ്ജയ് കുമാര്‍ മിശ്രയെ അടുത്ത വര്‍ഷം വരെ പദവിയില്‍ നിലനിര്‍ത്താനുള്ള കേന്ദ്രത്തിന്റെ ശ്രമം സുപ്രീം കോടതി തടഞ്ഞിരുന്നു. കഴിഞ്ഞ മേയില്‍ മിശ്രയുടെ സേവനകാലാവധി നീട്ടിനല്‍കണമെന്ന കേന്ദ്രത്തിന്റെ അഭ്യര്‍ഥന തള്ളിയ സുപ്രീം കോടതി സെപ്റ്റംബര്‍ 15ന് അദ്ദേഹം വിരമിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ആക്ടിങ് ഡയറക്ടറെ നിയമിച്ചത്. അന്വേഷണ ഏജന്‍സികളായ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കാന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍ (സിഐഒ) എന്ന പേരില്‍ പുതിയ പദവി സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സിബിഐ, ഇഡി മേധാവികള്‍ സിഐഒയുടെ കീഴിലായിരിക്കും. ഇഡിയുടെ തലപ്പത്തുനിന്നു വിരമിക്കുന്ന സഞ്ജയ് കുമാര്‍ മിശ്ര ആദ്യ സിഐഒ ആയേക്കും.