Wednesday, May 22, 2024
keralaNewspolitics

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുകയെന്നതു തങ്ങളുടെ നയമല്ലെന്നു മുഖ്യമന്ത്രി.

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുകയെന്നതു തങ്ങളുടെ നയമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയമായി എതിര്‍ക്കുന്നതു തുടരുമെന്നും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് നടത്തിയ പരാമര്‍ശത്തെക്കുറിച്ചു പിണറായി വിജയന്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നായിരുന്നു ജോയിസ് ജോര്‍ജിന്റെ ആക്ഷേപം
കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന കര്‍സേവയ്ക്കു വെള്ളവും വെളിച്ചവും നല്‍കുന്ന ജോലിയാണു യുഡിഎഫ് ചെയ്യുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ ആക്രമിക്കാനാണു യുഡിഎഫിനു താല്‍പര്യം. അധികാര മോഹം കാരണം ആര്‍എസ്എസിനെതിരെ പറയാന്‍ യുഡിഎഫ് തയാറാകുന്നില്ല. ബിജെപി വര്‍ഗീയതയുടെ മൊത്തക്കച്ചവടക്കാരാണെങ്കില്‍ അതിന്റെ ചില്ലറ വ്യാപാരികളാണു യുഡിഎഫ് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിവാദങ്ങളുടെ ഉല്‍പാദകരും വിതരണക്കാരുമാണു പ്രതിപക്ഷം. വികസനം ചര്‍ച്ച ചെയ്യാനല്ല, വികാരമുയര്‍ത്തി വോട്ടു നേടാനാണു പ്രതിപക്ഷ ശ്രമം. പ്രതിപക്ഷത്തിന്റെ ചെയ്തികള്‍ ജനം മറന്നിട്ടില്ല. പ്രതിസന്ധികാലത്ത് സഹായം നല്‍കുന്നതു പോലും തടയാന്‍ ശ്രമിക്കുന്നതിനു ജനം മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിച്ചു പറയുന്നു. ഇവിടെ നടപ്പാക്കില്ലെന്നു വീണ്ടും പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ടിനു വേണ്ടിയല്ല, ജനങ്ങളുടെ അവകാശങ്ങളാണു സര്‍ക്കാര്‍ അവര്‍ക്കു നല്‍കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ എതിരാളികളില്‍ നിന്ന് എത്ര പ്രകോപനമുണ്ടായാലും എല്‍ഡിഎഫ് സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ഇടതുപക്ഷത്തിനു സ്വീകാര്യതയുണ്ടെന്നും ഇത്തവണ വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.