Saturday, May 18, 2024
keralaNews

രാജേഷിന്റെ വിശദീകരണത്തില്‍ ഡെസ്‌കിലടിച്ച് പ്രതിപക്ഷ നേതാവ്

സഭയുടെ പൊതു ശബ്ദമാകാന്‍ പുതിയ സ്പീക്കര്‍ എം ബി രാജേഷിന് കഴിയട്ടേയെന്ന് ആശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്പീക്കറെ അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്‌തെങ്കിലും സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ നിലപാടിലുള്ള അതൃപ്തി പ്രതിപക്ഷം മറച്ചുവച്ചില്ല. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്നും അത് ഒഴിവാക്കണമെന്നും സതീശന്‍ അഭിനന്ദന പ്രസംഗത്തിലൂടെ തന്നെ ആവശ്യപ്പെട്ടു.സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന അങ്ങയുടെ പ്രസ്താവന ഞങ്ങളെ കുറച്ച് വേദനിപ്പിച്ചു, അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ സഭാനാഥനായി നിയോഗിക്കപ്പെട്ട ആരില്‍ നിന്നും ഉണ്ടായിട്ടില്ല. പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും അതിന് മറുപടി നല്‍കേണ്ടി വരും. അത് സംഘര്‍ഷങ്ങളുണ്ടാക്കും, നിയമസഭയിലെത്തുമ്പോള്‍
അത് ഒളിച്ച് വയ്ക്കാന്‍ പ്രതിപക്ഷത്തിനാവില്ല. അത് സഭയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നായിരുന്നു സ്പീക്കറെ നോക്കി വി ഡി സതീശന്‍ പറഞ്ഞത്.

പന്ത്രണ്ടാം നിയമസഭയുടെ സ്പീക്കറും ഇപ്പോള്‍ മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ പ്രവര്‍ത്തനവും ശൈലിയും മാതൃകാപരമായിരുന്നുവെന്നും സതീശന്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മറുപടി പ്രസംഗത്തില്‍ രാഷ്ട്രീയം സഭയ്ക്ക് പുറത്ത് പറയുമെന്ന് പറഞ്ഞതിനെ രാജേഷ് വിശദീകരിച്ചു.സഭയ്ക്ക് പുറത്ത് കക്ഷി രാഷ്ട്രീയം സംസാരിക്കില്ലെന്നും എന്നാല്‍ പൊതുവായ രാഷ്ട്രീയം സംസാരിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നുമായിരുന്നു രാജേഷിന്റെ വിശദീകരണം. രാജേഷിന്റെ വിശദീകരണം ഡെസ്‌കിലടിച്ചാണ് ഭരണകക്ഷിയംഗങ്ങള്‍ സ്വാഗതം ചെയ്തത്. ഡെസ്‌കിലടിച്ച് രാജേഷിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യാന്‍ പ്രതിപക്ഷ നേതാവും മറന്നില്ല.