Tuesday, May 21, 2024
keralaNews

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുതിര്‍ന്ന പിടിയാന മതിലകം ദര്‍ശിനിക്ക് ശംഖിലി വനത്തില്‍ അന്ത്യവിശ്രമം.

കഴിഞ്ഞ ദിവസം ചരിഞ്ഞ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുതിര്‍ന്ന പിടിയാന മതിലകം ദര്‍ശിനിക്ക് ഭക്തരുടെ വികാരനിര്‍ഭരമായ യാത്രഅയപ്പ്. ആനകളെ ജനവാസമില്ലാത്ത ഒരേക്കര്‍ പ്രദേശമുണ്ടെങ്കിലേ സംസ്‌കരിക്കാവൂവെന്ന നാട്ടാന പരിപാലനച്ചട്ടം തടസമായതിനാല്‍ ക്ഷേത്രം വകഭൂമിയില്‍ ദര്‍ശിനിയെ അടക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് തള്ളി. ഇതിനാല്‍ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ശംഖിലി വനത്തിലാണ് ദര്‍ശിനിയുടെ അന്ത്യവിശ്രമം.അരനൂറ്റാണ്ട് കാലം ശ്രീപദ്മനാഭസ്വാമിയെ സേവിച്ച 65 വയസുള്ള ദര്‍ശിനി ശനിയാഴ്ച രാത്രി 9.45 നാണ് ചരിഞ്ഞത്. മൂത്രാശയത്തില്‍ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഭജനപ്പുര കൊട്ടാരം വളപ്പിലായിരുന്നു ദര്‍ശിനിയെ പാര്‍പ്പിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രമുഖരുള്‍പ്പെടെ നിരവിധിപ്പേര്‍ ദര്‍ശിനിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഭജനപ്പുരയിലെത്തി.

അന്ത്യയാത്രയ്ക്ക് മുന്‍പ് ദര്‍ശിനിക്ക് 13കാരി മതിലകം സുദര്‍ശനയെന്ന അനയുടെ അന്ത്യാഭിവാദ്യം. പൊലീസ് സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. പിന്നാലെ കുളത്തൂപ്പുഴ ഡി.എഫ്.ഒ. ഷാജികുമാറിന്റെ നേതൃത്വത്തില്‍ ജഡം മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഭരണസമിതി ചെയര്‍മാന്‍ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാര്‍, അംഗങ്ങളായ ആദിത്യവര്‍മ, കുമ്മനം രാജശേഖരന്‍, പ്രൊഫ. പി.കെ.മാധവന്‍നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. സുരേഷ്‌കുമാര്‍, മാനേജര്‍ ബി. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുളത്തൂപ്പുഴയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ ദര്‍ശിനിയെ ദഹിപ്പിച്ചു.1966ല്‍ മറ്റ് രണ്ട് പിടിയാനക്കുട്ടികള്‍ക്കൊപ്പം വനത്തില്‍ നിന്നാണ് ദര്‍ശിനിയെ ലഭിച്ചത്. ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായി ചുമതലയേറ്റ സമയമായിരുന്നതിനാല്‍ അവരോടുള്ള ആദര സൂചകമായി ഇന്ദിര, പ്രിയ, ദര്‍ശിനി എന്നിങ്ങനെ മൂന്നാനകള്‍ക്കും പേരിടുകയായിരുന്നു. ദര്‍ശിനിയെക്കണ്ട് ഇഷ്ടമായ ശ്രീചിത്തിര തിരുനാള്‍ ക്ഷേത്രത്തിലേക്ക് ദര്‍ശിനിയെ വാങ്ങുകയായിരുന്നു. ശംഖുംമുഖം കടവിലേക്ക് ശ്രീപദ്മനാഭ സ്വാമിയുടെ ആറാട്ടിനും ശീവേലിക്കും അകമ്ബടി സേവിച്ചിരുന്ന ദര്‍ശിനിക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു.