Tuesday, May 21, 2024
indiaNews

രാജസ്ഥാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്.

രാജസ്ഥാന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. 200 മണ്ഡലങ്ങളില്‍ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.199 മണ്ഡലങ്ങളിലായി 5,25,38,105 പേര്‍ക്കാണ് വോട്ടവകാശം. ഇക്കൂട്ടത്തില്‍ നൂറു കഴിഞ്ഞ 17,241 പേരുണ്ട്. വനിതകള്‍ 2.52 കോടി, പുരുഷന്മാര്‍ 2.73 കോടി. വോട്ടര്‍പട്ടികയില്‍ പുരുഷന്മാരാണ് കൂടുതലെങ്കിലും കഴിഞ്ഞ തവണ വോട്ടുചെയ്തവരില്‍ കൂടുതല്‍ സ്ത്രീകളായിരുന്നു. 1875 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 183 പേര്‍ മാത്രമാണ് സ്ത്രീകള്‍. 51,756 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും തമ്മിലടി ഗുജ്ജര്‍ വോട്ടിലടക്കം ഉണ്ടാക്കാവുന്ന തിരിച്ചടിയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ഭരണകാലയളവില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളും അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ പ്രഖ്യാപിച്ച 7 ഗാരന്റികളും മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. അതേസമയം, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ രാജസ്ഥാനില്‍ വര്‍ധിച്ചുവെന്നതാണു ബിജെപിയുടെ പ്രധാന പ്രചാരണവിഷയങ്ങളിലൊന്ന്.അതേസമയം കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരുള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ പാര്‍ട്ടിയ്ക്കായി തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി.