Thursday, May 16, 2024
indiaNews

രണ്ടു വയസുകാരനെ അതി ക്രൂരമായി മര്‍ദിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടു വയസുകാരനെ അതി ക്രൂരമായി മര്‍ദിച്ച അമ്മയെ ആന്ധ്രാപ്രദേശില്‍നിന്നു തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ വില്ലുപുരത്തു നിന്നുമുള്ള പ്രത്യേക പൊലീസ് സംഘം ഞായറാഴ്ചയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രണ്ടു വയസുള്ള മകനെ ഇവര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്നാണ് തുളസിയെന്ന ഇരുപത്തി രണ്ടുകാരി മകനെ മര്‍ദിച്ചതെന്നാണ് വിവരം. ഇവരെ ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഉള്ള അമ്മ വീട്ടില്‍നിന്നുമാണ് പൊലീസ് പിടികൂടിയത്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഇവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ശിശുക്ഷേമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.ഭര്‍ത്താവ് വടിവാഴഗന്‍ (37) തുളസിക്കെതിരെ രണ്ടു ദിവസം മുമ്പ് സത്യമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും തുടര്‍ന്ന് 40 ദിവസം മുന്‍പ് തുളസിയെ അമ്മയുടെ വീട്ടില്‍ കൊണ്ടാക്കിയതായും ഭര്‍ത്താവിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.ആഗസ്റ്റ് 28നാണ് തുളസി ഇളയ കുട്ടിയെ നിഷ്‌കരുണം മര്‍ദിക്കുന്നതിന്റെ വീഡിയോ ഭര്‍ത്താവ് അവരുടെ ഫോണില്‍ കാണാന്‍ ഇടയായത്. ഫെബ്രുവരി 22ന് കുട്ടിയുടെ കാല്‍മുട്ടിന് പരുക്കേറ്റതായും വൈദ്യചികിത്സ നല്‍കിയതായും അതിനുമുമ്പ് വായിലും മറ്റും മുറിവുകള്‍ കണ്ടതായും വടിവഴകന്‍ പറഞ്ഞു. വീഡിയോകള്‍ കണ്ടതിനുശേഷം ശേഷമാണ് തുളസിയുടെ മര്‍ദനത്തില്‍നിന്നുണ്ടായ പരുക്കുകളാകാം അതെന്ന് വടിവാഴഗന്‍ മനസിലാക്കിയത്.2016ല്‍ വിവാഹിതരായ ഇവര്‍ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ ജിംഗി താലൂക്കിന് സമീപമുള്ള മണലപ്പടി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് നാല് വയസുള്ള മറ്റൊരു കുട്ടിയുമുണ്ട്.അതേസമയം, വടിവാഴഗന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323, 355, 308, 2015ലെ ബാലനീതി നിയമത്തിലെ 75 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജിംഗിയില്‍ എത്തിച്ച തുളസിയെ മനസികാരോഗ്യ ചികിത്സയ്ക്ക് വിധേയയാക്കി. കേസില്‍ തമിഴ്‌നാട് പൊലീസ് അന്വേഷണം തുടരുകയാണ്.