Friday, May 17, 2024
keralaNewspolitics

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ നാല് മന്ത്രിമാര്‍ തുടര്‍ന്നേക്കും; പുതുമുഖങ്ങള്‍ ആരെല്ലാം?…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ പുതുമുഖങ്ങള്‍ക്കൊപ്പം ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗങ്ങളും സ്ഥാനം പിടിക്കാന്‍ സാധ്യത. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ.ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണന്‍ എം.എം.മണി തുടങ്ങിയവര്‍ തുടരാനാണ് സാധ്യത. എ.സി.മൊയ്തീനും ഒരവസരം കൂടി ലഭിച്ചേക്കും.കേന്ദ്ര കമ്മിറ്റി അംഗമായ എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ പുതുതായി മന്ത്രിസഭയിലെത്തുന്നവരുടെ സാധ്യതാ പട്ടികയിലുണ്ട്. ഇതില്‍ മാറ്റം വരാനിടയില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, എം.ബി.രാജേഷ്, വീണാ ജോര്‍ജ്, ചിത്തരഞ്ജന്‍, വി.അബ്ദുറഹിമാന്‍ എന്നിവരില്‍ ആര്‍ക്കൊക്കെ നറുക്കു വീഴും എന്നാണ് അറിയേണ്ടത്.

മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഇടതു മുന്നണി ഊര്‍ജിതമാക്കി. വകുപ്പ് വിഭജനം അടക്കമുള്ള കാര്യങ്ങളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തി. തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിനു മുന്‍പ് മന്ത്രി സ്ഥാനവും വകുപ്പുകളും സംബന്ധിച്ച് സിപിഎം – സിപിഐ ധാരണയ്ക്കാണ് ശ്രമം.സ്ഥിരം വകുപ്പുകളില്‍ മാറ്റം വേണമെന്ന സിപിഎം നിര്‍ദേശത്തോട് സിപിഐ പ്രതികരണം അറിഞ്ഞാലേ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാനാകൂ. 21 അംഗ മന്ത്രിസഭയില്‍ സിപിഎമ്മിനു മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരുണ്ടാകാനാണ് സാധ്യത. സിപിഐയ്ക്കു 4 മന്ത്രിമാര്‍. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ പദവി സിപിഐയ്ക്കും ലഭിക്കും. ചീഫ് വിപ്പ് പദവി സിപിഐയ്ക്കു നഷ്ടമാകും.

ഘടകകക്ഷികളുടെ മന്ത്രി സ്ഥാനം സംബന്ധിച്ച നിര്‍ദേശവും കൂടിക്കാഴ്ചയില്‍ സിപിഐയെ സിപിഎം അറിയിച്ചു. കേരളാ കോണ്‍ഗ്രസിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നല്‍കും. എന്‍സിപിക്കും ജെഡിഎസിനും ഓരോ മന്ത്രിമാര്‍. ഒറ്റ സീറ്റുള്ള പാര്‍ട്ടികളില്‍ കേരളാ കോണ്‍ഗ്രസ് ബിക്കു മന്ത്രി സ്ഥാനം ഉറപ്പാണ്.കോണ്‍ഗ്രസ് എസിനു മന്ത്രി സ്ഥാനം നല്‍കില്ല. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും ഐഎന്‍എല്ലിനും രണ്ടര വര്‍ഷം വീതം നല്‍കി രണ്ടു പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം നല്‍കാനാണ് ശ്രമം. സത്യപ്രതിജ്ഞ 20ന് 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.