Wednesday, May 8, 2024
keralaNews

രണ്ടര വയസ്സുകാരിക്ക് ദേഹമാസകലം ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ദുരൂഹതയേറുന്നതായി പോലീസ്.

കാക്കനാട്: രണ്ടുവയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.സംഭവത്തില്‍ ദുരൂഹതയേറുന്നതായി പോലീസ്. ബന്ധുക്കളുടെ പരസ്പര വിരുദ്ധമായ മൊഴികളും, സാഹചര്യതെളിവുകളുടെ അഭാവവുമാണ് സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. അമ്മയുടെ മൊഴി പൂര്‍ണമായി വിശ്വസനീയമല്ല. കുട്ടികളുടെ മൊഴിയെടുക്കും. കുടുംബ പശ്ചാത്തലം പരിശോധിക്കുന്നുണ്ടെന്നും സി.എച്ച്.നാഗരാജു പറഞ്ഞു. കുഞ്ഞിന്റെ ചികില്‍സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുകയാണ്. ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍ കാക്കനാട് ഫ്‌ളാറ്റ് വാടകയ്്‌ക്കെടുത്തത് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ്. രണ്ട് വയസുകാരിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിറകെ രാത്രി രണ്ട് മണിക്ക് ഇയാളും കുഞ്ഞിന്റെ അമ്മയുടെ സഹോദരിയും ഫ്‌ളാറ്റില്‍ നിന്ന് കാറില്‍ രക്ഷപ്പെട്ടു.കാക്കനാട് തെങ്ങോട് വാടകയ്ക്ക് താമസിക്കുന്ന 38-കാരിയുടെ മകളെയാണ് ഞായറാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നട്ടെല്ലിനുള്‍പ്പെടെ കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കുഞ്ഞ് സ്വയം പരിക്കേല്‍പ്പിച്ചതാണെന്നാണ് ബന്ധുക്കളുടെ നിലപാട്. കുട്ടിയുടെ ദേഹത്ത് ഗുരുതര മുറിവുള്ളതിനാലാണ് ആരോ മനപ്പൂര്‍വ്വം ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചത്. രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന് നട്ടെല്ലിനും മറ്റും സ്വയം മുറിവുണ്ടാക്കാനാകുമോ എന്നാണ് പോലീസിന്റെ ചോദ്യം.

ആന്റണി ടിജിന്‍ എന്നാണ് കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന യുവാവിന്റെ പേര്. സൈബര്‍ പോലീസ് ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ ജോലി രാജിവെച്ചെന്നും പറഞ്ഞാണ് ഇയാള്‍ കാക്കനാട് തെങ്ങോട് ഫ്ളാറ്റ് വാടകയ്ക്കെടുത്തത്. അടുത്തുതന്നെ താന്‍ വിദേശത്തേക്ക് പോകുമെന്നും ഇയാള്‍ ഫ്ളാറ്റുടമയോട് പറഞ്ഞിരുന്നു. എന്നാല്‍ സൈബര്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന ആന്റണിയുടെ അവകാശവാദം വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഇയാള്‍ ഫ്ളാറ്റ് പൂട്ടി മുങ്ങിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

കുട്ടി ഹൈപ്പര്‍ ആക്ടീവാണെന്നും സ്വയം പരിക്കേല്‍പ്പിച്ചതാണെന്നും അമ്മ മൊഴി നല്‍കി. അതേസമയം, കുട്ടി അപസ്മാരം വന്ന് വീണപ്പോള്‍ ഉണ്ടായ പരിക്കാണെന്നാണ് ബന്ധുക്കള്‍ ആദ്യം പറഞ്ഞത്.

പിന്നീട് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍, കുട്ടിയ്ക്ക് ബാധ കയറിയതാണെന്നും മുകളില്‍ നിന്ന് സ്വയം എടുത്ത് ചാടുകയും മുറിവേല്‍ക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ മൊഴി മാറ്റി പറഞ്ഞു. കുന്തിരിക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈയ്ക്ക് പൊള്ളലേറ്റതെന്നും ബന്ധുക്കള്‍ പറയുന്നു. ദിവസങ്ങളോളം പഴക്കമുള്ള മുറിവ് കുട്ടിയുടെ ദേഹത്തുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.കുട്ടിയെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതാണെന്നാണ് പോലീസ് സംശയം. എന്നാല്‍ ഇത് സ്ഥിരീകരിക്കാനായിട്ടില്ല. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഇരുവരും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചത്.