Tuesday, May 14, 2024
keralaNews

യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് അറസ്റ്റില്‍. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ആര്‍ഷല്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. എറണാകുളം സ്വദേശി നീനുവിനെയാണ് പ്രതി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂനന്തായി എകെജി നഗര്‍ റോഡില്‍ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

ആക്രമണത്തിന് പിന്നാലെ യുവതി സമീപത്തെ കടയിലേക്ക് ഓടിക്കയറി. കഴുത്തില്‍ ഏറ്റ മുറിവ് അമര്‍ത്തിപ്പിടിച്ചാണ് യുവതി കടയിലേക്ക് ഓടിയെത്തിയതെന്നും രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നെന്നും ഉടമ പറയുന്നു. തുടര്‍ന്ന് കടയില്‍ ഉണ്ടായിരുന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. കുടുംബപ്രശ്നത്തെത്തുടര്‍ന്നാണ് കൊലപാതക ശ്രമം നടന്നതെന്നാണ് സൂചന. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ആര്‍ഷലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഏഴ് വര്‍ഷം മുന്‍പ് വിവാഹിതരായ ഇരുവരും, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അകന്ന് കഴിയുകയായിരുന്നു.