Wednesday, May 15, 2024
indiaNews

അയോദ്ധ്യ; പ്രാണ പ്രതിഷ്ഠാ ചടങ്ങ് 12.20ന്

അയോദ്ധ്യ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ഇന്ന് നടക്കും. 11.30നാണ് താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകള്‍ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും. കൃഷ്ണശിലയില്‍ കൊത്തിയെടുത്ത ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ. അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത് .
പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രത്തിലേക്ക് ക്ഷണിക്കപ്പെട്ട എണ്ണായിരത്തോളം അതിഥികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ചടങ്ങിലേക്കുള്ള ക്ഷണിതാക്കള്‍ ഇന്നലെ മുതല്‍ അയോദ്ധ്യയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. 10.25ഓടെ അയോദ്ധ്യയിലെ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി 10.55ഓടെയാണ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് പരിശോധന. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്യാമറകളും പരിസരത്തെല്ലാം സ്ഥാപിച്ചിട്ടുണ്ട്.
സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്, സിആര്‍പിഎഫ്, തീവ്രവാദ വിരുദ്ധ സേന, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, പാരാ കമാന്‍ഡോകള്‍ തുടങ്ങിയ വിവിധ ഏജന്‍സികളാണ് അയോദ്ധ്യയില്‍ സുരക്ഷ ഒരുക്കുന്നത്. യുപി സെക്യൂരിറ്റി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഇവിടെ നിലയുറപ്പിക്കും. എസ്ഡിആര്‍എഫ് സംഘങ്ങളെ സരയൂ നദിയില്‍ ബോട്ട് പട്രോളിങ് നടത്താനായി വിന്യസിച്ചിട്ടുണ്ട്. ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം നാളെ മുതല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും.