Monday, May 13, 2024
keralaNews

യുവാവിനു തോക്കു ലഭിച്ചത് ഏതെങ്കിലും സൈനികനില്‍നിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്ന് വിദഗ്ധന്‍

കോതമംഗലം നെല്ലിക്കുഴിയില്‍ യുവതിയെ വെടിവച്ചു കൊന്ന സംഭവത്തില്‍ യുവാവിനു തോക്കു ലഭിച്ചത് ഏതെങ്കിലും സൈനികനില്‍നിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്നു വിദഗ്ധന്‍. ഇത്തരത്തിലുള്ള തോക്കുകള്‍ സറണ്ടര്‍ ഡെപ്പോസിറ്റിനായി കൊണ്ടുവന്നിട്ടുള്ളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് എറണാകുളത്ത് ദീര്‍ഘ വര്‍ഷങ്ങളായി ആര്‍മറി നടത്തുന്നയാള്‍ പറയുന്നു.ഉയര്‍ന്ന പ്രഹര ശേഷിയുള്ള 7.62 എംഎം കാലിബര്‍ പിസ്റ്റളാണ് രഖില്‍ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. സാധാരണഗതിയില്‍ വിപണിയില്‍ ലഭ്യമല്ലാത്ത തോക്കാണ് ഇത്. മാത്രമല്ല, സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത തോക്ക് ആദ്യഘട്ട പരിശോധനയില്‍ പഴക്കമുള്ളതും പിടി മാറ്റിയിട്ടിട്ടുള്ളതുമാണ് എന്നാണ് മനസിലാകുന്നത്.മാനസയെ വധിക്കുന്നതിനായി മനപ്പൂര്‍വം സംഘടിപ്പിച്ചതാണ് തോക്കെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പഴയ തോക്കായതിനാല്‍ ഇത് നേരായ വഴിയിലൂടെ അല്ലാതെ സംഘടിപ്പിച്ചതിനാണ് സാധ്യത എന്നാണു കരുതുന്നത്. ബാലിസ്റ്റിക് വിദഗ്ധര്‍ പരിശോധിക്കുന്നതോടെ തോക്കിന്റെ നമ്പര്‍ ഉപയോഗിച്ച് ഇത് ആരെങ്കിലും ലൈസന്‍സ് എടുത്ത് ഉപയോഗിച്ചിരുന്നതാണോ എന്നു വ്യക്തമാകുമെന്നും പൊലീസ് പറയുന്നു.ഉയര്‍ന്ന പ്രഹര ശേഷിയുള്ള തോക്കു ലഭിക്കാന്‍ നേരത്തെ ഉണ്ടായിരുന്നതു പോലെയുള്ള തടസങ്ങള്‍ ഇപ്പോഴില്ലെന്നതാണ് വസ്തുത. മുംബൈ ബ്ലാക് മാര്‍ക്കറ്റിലൂടെയോ ഡാര്‍ക് വെബിലൂടെയോ ഒക്കെ തോക്കു സമ്പാദിക്കാനാകും. 50,000 രൂപയ്ക്കു മുകളില്‍ മുടക്കാനായാല്‍ ഓണ്‍ലൈനായി തന്നെ ഇവ വീട്ടിലെത്തുകയും ചെയ്യും. ഈ വഴിക്കൊന്നുമല്ല രഖിലിനു തോക്കു ലഭിച്ചത് എന്നു തന്നെയാണ് പ്രാഥമിക വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ ഇതു സംബന്ധിച്ചു വ്യക്തത വരും എന്നാണ് പ്രതീക്ഷിക്കുന്നത്.