Thursday, May 9, 2024
keralaNewspolitics

യുജിസി ചട്ടം പാലിക്കാത്ത 9 സര്‍വ്വകലാശാല വിസിമാര്‍ നാളെ രാജി വയ്ക്കണം ഗവര്‍ണര്‍

തിരുവനനതപുരം: യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് നാളെതന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കി.  ഇതോടെ സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ പോര് രൂക്ഷമാകുകയാണ്. എംജി സര്‍വ്വകലാശാല, കേരള സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, കാലിക്കറ്റ് സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.  രാജ് ഭവനില്‍ നാളെ 11.30 രാജിക്കത്ത് എത്തിക്കണം. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്ന് രാജ്ഭവന്‍ വ്യക്തമാക്കി. 5 വി സി മാര്‍ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്.4 പേരുടെ നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്. ഇന്ന് ചേര്‍ന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബര്‍ 15 ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്തും.