Saturday, May 18, 2024
Newsworld

യുക്രെയ്‌നില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റഷ്യ.

കീവ് :സൈന്യം അധിനിവേശം തുടരുന്ന യുക്രെയ്‌നില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നു റഷ്യ. മാനുഷിക പരിഗണന നല്‍കുമെന്നും യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിത പാത ഉറപ്പാക്കുമെന്നും റഷ്യന്‍ സ്ഥാനപതി വ്യക്തമാക്കി. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടു.

റഷ്യയോടു ചേര്‍ന്ന കിഴക്കന്‍ യുക്രെയ്‌നിലെ ഹര്‍കീവ്, സുമി നഗരങ്ങളില്‍ മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണു കുടുങ്ങിക്കിടക്കുന്നത്. ഇവരെ റഷ്യന്‍ അതിര്‍ത്തി വഴി പുറത്തെത്തിക്കാനുള്ള സാധ്യത ഇന്ത്യയിലെ റഷ്യ, യുക്രെയ്ന്‍ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌വര്‍ധന്‍ ശൃംഗ്ല ചര്‍ച്ച ചെയ്തിരുന്നു.മോസ്‌കോയില്‍നിന്നുള്ള ഇന്ത്യന്‍ എംബസി സംഘം യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് 70 കിലോമീറ്ററകലെ റഷ്യയിലെ ബെല്‍ഗ്രോദില്‍ എത്തിയിട്ടുണ്ടെങ്കിലും ശക്തമായ ആക്രമണം മൂലം കൂടുതല്‍ മുന്നോട്ടുപോകാനാകുന്നില്ലെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനിടെ, തലസ്ഥാനമായ കീവില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരും അവിടെ നിന്നു പുറത്തുകടന്നതായി ഹര്‍ഷ്വര്‍ധന്‍ ശൃംഗ്ല ഇന്നലെ രാത്രി അറിയിച്ചു.