Thursday, May 2, 2024
keralaLocal NewsNews

യാത്രക്കാരെ കൊള്ളയടിക്കാന്‍ എരുമേലി -പമ്പ ഓര്‍ഡിനറി സര്‍വീസ് കെ എസ് ആര്‍ ടി സി അട്ടിമറിക്കാന്‍ നീക്കം.

എരുമേലി:ശബരിമല തീര്‍ത്ഥാടകരെയടക്കം വരുന്ന യാത്രക്കാരെ കൊള്ളയടിക്കാന്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആരംഭിച്ച എരുമേലി -പമ്പ ഓര്‍ഡിനറി സര്‍വ്വീസ് കെഎസ്ആര്‍ടിസി അട്ടിമറിക്കാന്‍ നീക്കം.ശബരിമല തീര്‍ത്ഥാടകര്‍ക്കായി എരുമേലി -പമ്പ ഷെഡ്യൂള്‍ സര്‍വീസായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഓര്‍ഡിനറി സര്‍വീസാണ് അട്ടത്തോട് വരെ സര്‍വീസ് നടത്തി അവസാനിപ്പിക്കുന്നത്.എരുമേലിയില്‍ നിന്നും രാവിലെ ഏഴ് മണിക്കും,ഉച്ച കഴിഞ്ഞ് 3.40 നുമായി രണ്ട് സര്‍വീസുകളാണ് കെഎസ്ആര്‍ടിസി പമ്പയിലേക്ക് നടത്തുന്നത്.എരുമേലി,മുക്കൂട്ടുതറ,പമ്പാവാലി , അട്ടത്തോട് ആദിവാസി കോളനി എന്നീ മേഖലകളിലെ നൂറുകണക്കിന് തൊഴിലാളികളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്.തീര്‍ഥാടന കേന്ദ്രമായ പമ്പയിലും,ശബരിമലയിലും അടക്കം നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും,മാസപൂജ വേളകളിലും ജോലിക്ക് എത്തുന്നവരുടെയും, ഈ മേഖലയില്‍ നിന്നുള്ള നാട്ടുകാരുടെ ഏക ആശ്രയമായിരുന്നു ഈ സര്‍വീസ്.വിവിധ യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളും-മറ്റും നിരവധി പേരാണ് ഇവിടെ ജോലിക്ക് എത്തുന്നത്.കെഎസ്ആര്‍ടിസി സര്‍വ്വീസ് അട്ടത്തോട് വരെയാക്കിയതോടെ അട്ടത്തോട് നിന്നും വലിയ തുക നല്‍കി ടാക്‌സിയില്‍ പമ്പയിലേക്ക് കൂലിപണിക്ക് പോകേണ്ട ഗതികേടാണുള്ളത്.

ഇന്ന് രാവിലെ പെരുനാട് ഗ്രാമ പഞ്ചായത്ത് ശബരിമല 9-ാം വാര്‍ഡ്
ബിജെപി മെമ്പര്‍ മഞ്ജു പ്രമോദിന്റെ നേതൃത്വത്തില്‍ നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ സര്‍വീസ് പമ്പയിലേക്ക് പുനഃസ്ഥാപിക്കുകയുമായിരുന്നു.ശബരിമല തീര്‍ഥാടന വേളയിലും,മാസപൂജ വേളയിലും എരുമേലി പമ്പ ഓഡിനറി സര്‍വീസ് നിര്‍ത്തി പകരം ചാര്‍ജ് വര്‍ദ്ധിപ്പിച്ച് സ്‌പെഷ്യല്‍ സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്.

ഓര്‍ഡിനറി സര്‍വീസ് :
എരുമേലി -പമ്പ – 65,
എരുമേലി – നിലയ്ക്കല്‍ -42,
എരുമേലി -അട്ടത്തോട് -44,
നിലയ്ക്കല്‍ -പമ്പ- 26 രൂപ . എന്നിങ്ങനെയാണ് ചാര്‍ജ്.
എന്നാല്‍ സ്‌പെഷ്യല്‍ സര്‍വീസ് എരുമേലി -പമ്പ-99 രൂപ ,നിലക്കല്‍ -പമ്പ 50 രൂപയാണ് ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും കെഎസ്ആര്‍ടിസി ഈടാക്കുന്നത്.ഈ ചാര്‍ജ് ലഭിക്കുന്നതിനാണ് എരുമേലി -പമ്പ ഓര്‍ഡിനറി സര്‍വീസ് അട്ടത്തോട്ടില്‍ നിര്‍ത്തുന്നത്.അട്ടത്തോട് -നിലയ്ക്കല്‍ – പമ്പ സര്‍വീസുകള്‍ക്ക് തുക കൂടുതലായതിനാല്‍ എരുമേലിയില്‍ നിന്നും ഓര്‍ഡിനറി സര്‍വ്വീസ് പമ്പയിലേക്ക് നടത്താന്‍ കഴിയില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.

എരുമേലിയില്‍ നിന്നുള്ള പമ്പ സര്‍വീസ് അട്ടത്തോട്ടില്‍ നിര്‍ത്തുകയും പത്തനംതിട്ടയില്‍ നിന്നും വരുന്ന കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസില്‍ ഇരട്ടി തുക നല്‍കി പമ്പയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്.ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്ന കെഎസ്ആര്‍ടിസി മലയോരമേഖലയിലെ പാവപ്പെട്ട കൂലിപ്പണിക്കാരേയും കൊള്ളയടിക്കാനുള്ള നീക്കമാണ് നടത്തുന്നത് .എന്നാല്‍ എരുമേലി -പമ്പ സര്‍വീസ് അട്ടത്തോട്ടില്‍ അവസാനിപ്പിക്കാതെ പമ്പ വരെ നീട്ടാന്‍ റാന്നി എംഎല്‍എക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും മെമ്പര്‍ പറഞ്ഞു.പമ്പ വരെ സര്‍വീസ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ വകുപ്പുമന്ത്രി അടക്കമുള്ള ഉന്നത അധികാരികള്‍ക്ക് നിവേദനം നല്‍കുമെന്നും ശബരിമല 9-ാം വാര്‍ഡ് മെമ്പര്‍ പറഞ്ഞു.