Saturday, May 18, 2024
keralaNewspolitics

മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നു: മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ സ്വപ്ന കുഴഞ്ഞുവീണു

പാലക്കാട്: രഹസ്യമൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും പുറത്തുകൊണ്ടുവരാനാണ് തന്റെ ശ്രമമെന്നും അതിനാലാണ് മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതെന്നും സ്വപ്ന പറഞ്ഞു.

വൈകീട്ട് പാലക്കാട് വസതിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്.വാര്‍ത്താ സമ്മേളനത്തിനിടെ അപസ്മാരമുണ്ടായ സ്വപ്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ കുഴഞ്ഞ് വീണു.

ഒരു കാരണവുമില്ലാതെ ഭീകരവാദിയെപോലെ തന്നോട് പെരുമാറുന്നുവെന്നും സ്വപ്ന ആരോപിച്ചു. തന്റെ വക്കീലിനെതിരെ കേസ് എടുത്ത പശ്ചാത്തലത്തിലാണ് സ്വപ്ന ഇന്ന് മാദ്ധ്യമ പ്രവര്‍ത്തകരെ കണ്ടത്.

ഒന്നിനു പുറകെ ഒന്നായി തന്നെ വേട്ടയാടുകയാണെന്ന് പറഞ്ഞ് വികാരാധീനയായാണ് അവര്‍ മാദ്ധ്യമങ്ങളെ കണ്ടത്.സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞാണ് വാക്കുകള്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടെയായിരുന്നു അപസ്മാരമുണ്ടാവുകയും അവിടെ തന്നെ കുഴഞ്ഞ് വീഴുകയും ചെയ്തത്.

സ്വപ്നയെ നേരത്തെ അപസ്മാരം അലട്ടിയിരുന്നതായി അവര്‍ വെളിപ്പെടുത്തിയിരുന്നു. ഓരോ ദിവസവും അഭിഭാഷകനെ മാറ്റാന്‍ തന്റെ കയ്യില്‍ പണമില്ല.ഷാജ് കിരണ്‍ പറഞ്ഞത് ശരിയാണെന്ന് വീണ്ടും തെളിയുകയാണെന്ന് സ്വപ്ന ചൂണ്ടിക്കാട്ടി.

അഭിഭാഷകനെതിരെ കേസ് എടുക്കുമെന്ന് നേരത്തെ തന്നെ ഷാജ് കിരണിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.തനിക്ക് സുഖമില്ലാതായിരിക്കുകയാണെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വപ്ന അഭ്യര്‍ത്ഥിച്ചിരുന്നു.