Thursday, May 16, 2024
keralaNews

പിണറായി മോഷണം നടത്തിയാല്‍ പറയാന്‍ പാടില്ലേ; കേസെടുത്തത് സ്വപ്നയുടെ വക്കീലായത് കൊണ്ട്; അഡ്വ. കൃഷ്ണരാജ്

കൊച്ചി : സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആയത് കൊണ്ടെന്ന് തനിക്കെതിരെ കേസെടുത്തതെന്ന് അഡ്വ.കൃഷ്ണരാജ്. മതനിന്ദ ആരോപിച്ച്
കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.താന്‍ ഒരു മതനിന്ദയും നടത്തിയിട്ടില്ല.ഷാജ് കിരണ്‍ പറഞ്ഞതെല്ലാം ശരിയാകുകയാണ്. സ്വപ്നയുടെ വക്കീലിനെ പൂട്ടുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു.അതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി മോഷണം നടത്തിയാല്‍ പറയാന്‍ പാടില്ലേ.എന്ത് വന്നാലും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ഹൈക്കോടതിയില്‍ ചെല്ലാതിരിക്കാനാണ് തനിക്കെതിരെ പോലീസ് കേസെടുത്തത്.

മുന്‍കൂര്‍ ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. തനിക്ക് സംഘപരിവാര്‍ സംഘടനകളുമായി യാതൊരു ബന്ധവുമില്ല.ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് പറഞ്ഞ കൃഷ്ണരാജ് ബന്ധമുണ്ടെങ്കില്‍ തന്നെ എന്താണ് തെറ്റെന്നും ചോദിച്ചു.

164 മൊഴിക്ക് ഇനി രഹസ്യ സ്വഭാവമില്ലെന്നും അഫിഡവിറ്റായി കോടതിയില്‍ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്ന സുരേഷിന്റെ അഭിഭാഷകനായ അഡ്വ. കൃഷ്ണരാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്
മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് .

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട സംഭവത്തിലാണ് കേസ്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി ആര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴിയാണ് പരാതി ലഭിച്ചത്. 295 എ പ്രകാരമാണ് കേസ് എടുത്തത്.

ജാമ്യമില്ലാ വകുപ്പാണിത്. മതസ്പര്‍ധയുണ്ടാക്കുന്ന വിധം അഭിഭാഷകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. കൃഷ്ണരാജിന്റെ സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളടക്കം പരിശോധിക്കുന്നുണ്ടൊന്നാണ് വിവരം.

ഇതിന് പുറമെ അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് കൃഷ്ണരാജിനെതിരെ തിരുവനന്തപുരത്തും അനൂപ് പരാതി നല്‍കിയിട്ടുണ്ട്.