Tuesday, May 7, 2024
keralaNews

മെയ് ഒന്നുമുതല്‍ 18 വയസ് മുതലുള്ളവരുടെ വാക്സിനേഷന്‍ നടത്താനാകില്ലന്ന് സംസ്ഥാനങ്ങള്‍

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള കോവിഡ് 19 പ്രതിരോധ വാക്സിന്‍ കുത്തിവെയ്പ്പ് മെയ് ഒന്നുമുതല്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍. വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനാലാണ് ഈ തീരുമാനമെന്ന് സംസ്ഥാനങ്ങള്‍ വ്യക്തമാക്കി.18 മുതല്‍ 45വരെ പ്രായമുള്ളവരുടെ വാക്സിനേഷനില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഏറ്റവും അവസാനമായി അറിയിച്ചിരിക്കുന്നത് മധ്യപ്രദേശാണ്. നേരത്തെ ന്യൂഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പിന്മാറിയിരുന്നു. വാക്സിന്‍ ക്ഷാമം രൂക്ഷമായ അവസ്ഥയാണുള്ളതെന്നും അതിനാല്‍ നിലവില്‍ 18 മുതല്‍ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷന്‍ ആരംഭിക്കാനാകില്ലെന്നുമാണ് സംസ്ഥാനങ്ങള്‍ ഈ വ്യക്തമാക്കിയത്.
രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്ന 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുകയെന്ന് കേരളം നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ നേരിട്ട് വാക്സിന്‍ വാങ്ങാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കമ്പനികളില്‍ നിന്നും അനുകൂല നിലപാടല്ല ഉണ്ടാകുന്നത്. കേന്ദ്രത്തിന്റെ ക്വാട്ടയ്ക്ക് ശേഷമേ നല്‍കാന്‍ സാധിക്കൂ എന്ന മരുന്ന് കമ്പനികളുടെ നിലപാടാണ് സംസ്ഥാനങ്ങള്‍ തിരിച്ചടിയാകുന്നത്.രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് 18 വയസിന് മുകളിലുള്ളവര്‍ക്കായുള്ള വാക്സിനേഷന്‍ മെയ് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ രാജ്യത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ കുത്തിവെപ്പില്‍ നിന്നും പിന്മാറുന്ന സാഹചര്യമാണുള്ളത്.