Wednesday, May 15, 2024
Local NewsNews

മൂക്കംപെട്ടി ഐഎച്ച്ഡിപി കോളനിയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി തുടങ്ങി

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പട്ടികജാതി കോളനിയായ മൂക്കംപെട്ടി ഐഎച്ച്ഡിപി കോളനിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതിയില്‍ പെടുത്തി അനുവദിക്കപ്പെട്ട ഒരുകോടി രൂപ വിനിയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിര്‍വഹിച്ചു.കോളനിയില്‍ സാംസ്‌കാരിക നിലയം നിര്‍മ്മാണം, നടപ്പാതകളുടെ പുനരുദ്ധാരണം, പൊതുകിണര്‍ നവീകരണം, സംരക്ഷണഭിത്തി നിര്‍മ്മാണം, കോളനിയിലെ വീടുകളുടെ അറ്റകുറ്റപ്പണികള്‍ എന്നീ പ്രവര്‍ത്തികളാണ് ഒരു കോടി രൂപ ഉപയോഗിച്ച് നടപ്പാക്കുക. അക്രെഡിറ്റഡ് ഏജന്‍സിയായ സംസ്ഥാന നിര്‍മ്മിതി കേന്ദ്രമാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടപ്പിലാക്കുക. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ച് പരമാവധി വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി യോഗത്തിന് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാര്‍, മെമ്പര്‍ മാഗി ജോസഫ്, പഞ്ചായത്ത് മെമ്പര്‍ സനില രാജന്‍, ഐഎച്ച്ഡിപി കോളനി പ്രസിഡന്റ് വി.കെ ചെല്ലപ്പന്‍, പട്ടികജാതി സംഘടന ഭാരവാഹികളായ ഷിജു കുമാര്‍ ടി കെ, അനിയന്‍ കൊല്ലംപറമ്പില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരായ സോമന്‍ തെരുവത്തില്‍, ലിജോ പുളിക്കല്‍, ടോം കാലാപ്പറമ്പില്‍, ബേബിച്ചന്‍ തടത്തില്‍,സംസ്ഥാന നിര്‍മ്മിത കേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ സജി ജോസഫ് , താലൂക്ക് എസ്. സി ഓഫീസര്‍ അനീഷ് വി. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഇതുകൂടാതെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍പ്പെടുത്തി എരുമേലി ഗ്രാമപഞ്ചായത്ത് 14-) വാര്‍ഡിലെ എരുത്വാപ്പുഴ മലവേടര്‍ കോളനി,മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 3-) വാര്‍ഡിലെ മുറികല്ലുംപുറം പട്ടികജാതി കോളനി, 17-) വാര്‍ഡിലെ ചെറുമല ഐഎച്ച്ഡിപി കോളനി, എന്നീ കോളനികള്‍ക്കും ഉള്‍പ്പെടെ ആകെ മൂന്നര കോടി രൂപയാണ് അംബേദ്കര്‍ ഗ്രാമപദ്ധതി പ്രകാരം പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ളത്.