Friday, April 26, 2024
indiaNewspolitics

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മരണം : ഒരാഴ്ചത്തെ ദേശീയ ദുഃഖാചരണം; സംസ്‌ക്കാരം നാളെ ഡല്‍ഹിയില്‍

 

അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടുള്ള ആദരസൂചകമായി പാര്‍ലമെന്റില്‍ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടി. ഒരാഴ്ചത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രണബ് മുഖര്‍ജിയുടെ സംസ്‌ക്കാരം നാളെ ഡല്‍ഹിയില്‍ നടത്താനും തീരുമാനമായിട്ടുണ്ട്. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു വൈകിട്ടാണ് അന്തരിച്ചത്.

തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായി തിങ്കളാഴ്ച നടത്തിയ പരിശോധയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം മുഖര്‍ജി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ശസ്ത്രക്രിയയ്ക്കു പിന്നാലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആശുപത്രിയിലെത്തി ബന്ധുക്കളും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഇന്നു രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.