Friday, May 17, 2024
keralaNews

മുണ്ടക്കയം ബെവ്‌കോയില്‍ നിന്ന് ജീവനക്കാര്‍ 1000 ലീറ്ററിലധികം മദ്യം കടത്തി.

ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍നിന്ന് ജീവനക്കാര്‍ കടത്തിയത് ആയിരം ലീറ്ററില്‍ അധികം മദ്യം. പ്രാഥമിക അന്വേഷണത്തില്‍ വ്യാപക തിരിമറി കണ്ടെത്തിയതോടെ എക്‌സൈസ് കേസെടുത്തു. സ്റ്റോക്കില്‍ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.

രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യപിച്ചപ്പോഴാണ് മുണ്ടക്കയത്തെ ഔട്ട്ലെറ്റില്‍നിന്ന് ജീവനക്കാര്‍ മദ്യം കടത്തിയത്. വെട്ടിപ്പ് പിടികൂടിയതില്‍ നിര്‍ണായകമായത് എക്‌സൈസിനു ലഭിച്ച രഹസ്യവിവരമാണ്. സംഭവത്തെ തുടര്‍ന്ന് ഔട്ട്ലെറ്റ് സീല്‍ ചെയ്ത് ജീവനക്കാരില്‍നിന്ന് മൊഴിയെടുത്തിരുന്നു. ബവ്‌റിജസ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗവും എക്‌സൈസും ചേര്‍ന്ന് സ്റ്റോക്ക് പരിശോധിച്ചപ്പോളാണ് ജീവനക്കാരുടെ വെട്ടിപ്പിന്റെ ആഴം വ്യക്തമായത്. പ്രാഥമിക പരിശോധനയില്‍ ചുരുങ്ങിയത് ആയിരം ലിറ്റര്‍ മദ്യത്തിന്റെ കുറവ് കണ്ടെത്തി.

കോട്ടയം അയര്‍ക്കുന്നത്തെ വെയര്‍ഹൗസില്‍നിന്ന് ഔട്ട്ലെറ്റിലേക്ക് അയച്ച മദ്യത്തിന്റെ കണക്കും ശേഖരിക്കും. ഇതിലൂടെ കടത്തിയ മദ്യത്തിന്റെ കൃത്യമായ കണക്ക് ലഭിക്കും. ഈ പരിശോധന തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.ഔട്ട്ലെറ്റില്‍നിന്നു സമീപത്തെ റബര്‍തോട്ടത്തിലേക്കാണ് ജീവനക്കാര്‍ കുപ്പികള്‍ മാറ്റിയിരുന്നത്. ഇവിടെനിന്നു പിന്നീട് വാഹനത്തില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു. ജീവനക്കാരെയും അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും. ജില്ലയിലെ മറ്റ് ബവ്‌റിജസ് ഔട്ട്ലെറ്റുകളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തും.