Wednesday, May 8, 2024
indiaNewspolitics

മുഖ്യമന്ത്രി സ്ഥാനം ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല. വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡി തീരുമാനം. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചു.                                                                                                  1978 ലാണ് മഹാരാഷ്ട്ര നിയമസഭ അവസാനമായി സമാന രീതിയില്‍ വിശ്വാസ വോട്ടെടുപ്പ് കണ്ടത്.

അന്ന് കോണ്‍ഗ്രസ് പിളര്‍ത്തിയ ശരദ്പവാര്‍ ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ഇന്ന് മറ്റൊരു പിളര്‍പ്പിന് സംസ്ഥാനം സാക്ഷ്യം വഹിക്കുമ്പോഴും എല്ലാ കണ്ണുകളും ശരദ്പവാറിലാണ്.

2019 ല്‍ ദേവേന്ദ്ര ഫട്‌നാവിസ് അജിത് പവാറുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പ് നടത്താതെ രാജിവച്ചു.

144 ലാണ് നിലവില്‍ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. എന്നാല്‍ ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പടെ പന്ത്രണ്ട് പേരെ അയോഗ്യരാക്കി ഈ സംഖ്യ കുറയ്ക്കാനാണ് ഉദ്ധവ് താക്കറെയും ശരദ്പവാറും നോക്കുന്നത്. അയോഗ്യരാക്കിയാല്‍ ഉടന്‍ കോടതിയിലെത്താനുള്ള നിയമ നടപടികള്‍ക്ക് ബിജെപി ഒരുങ്ങി കഴിഞ്ഞു.                                                                   

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് നീക്കം. വിമതര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ല. വിപ്പ് ലംഘിച്ച് വോട്ടു ചെയ്തിട്ടില്ല.

മൂന്നില്‍ രണ്ട് പേര്‍ ഷിന്‍ഡെയുടെ പക്ഷത്തുണ്ട്. ഈ സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അയോഗ്യരാക്കിയാലും ഇത് കോടതിയില്‍ നില്‍ക്കില്ല എന്നാണ് നിയമവിദഗ്ധര്‍ ഷിന്‍ഡെയെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ കോടതിയില്‍ കേസ് നീളുമ്പോര്‍ എംഎല്‍എമാരെ തിരികെ അടര്‍ത്താനുള്ള സാവകാശം കിട്ടുമെന്ന് പവാര്‍ കരുതുന്നു. ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടെന്ന് ഷിന്‍ഡെ പറഞ്ഞെങ്കിലും തല്‍ക്കാലം തിരശ്ശീലയ്ക്ക് പിന്നിലെ നീക്കം മതിയെന്നാണ് ബിജെപിയിലെ ധാരണ.