Sunday, May 19, 2024
keralaNewspolitics

മുഖ്യമന്ത്രിയില്‍ നിന്നടക്കം ഭീഷണിയുടെ സ്വരം; സ്വപ്ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നടക്കം ഭീഷണിയുടെ സ്വരമാണുള്ളതെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ആരോപിച്ചു.മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.

തനിക്ക് നിയമ സഹായം ലഭിക്കാനുള്ള എല്ലാ വഴികളും അടയ്ക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും സ്വപ്ന ആരോപിച്ചു. മുഖ്യമന്ത്രിയും കുടുംബവും സാമൂഹിക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും സ്വപ്ന ആരോപിച്ചു.

തനിക്കെതിരെയുള്ള ഗൂഢാലോചന കേസ് കെടി ജലീലും പോലീസും തമ്മിലുള്ള ഒത്തുകളിയാണെന്നും കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

ഇടനിലക്കാരനെ പോലെയാണ് മുന്‍ വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാര്‍ പ്രവര്‍ത്തിച്ചത്. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും സ്വപ്ന കുറ്റപ്പെടുത്തി.

സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ തനിക്കെതിരെ ചുമത്തിയ ഗൂഢാലോചന കേസ് ഒഴിവാക്കണമെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും സ്വപ്ന ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങള്‍ വിവാദമായിരിക്കെയാണ് വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്ന എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രഹസ്യമൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും പുറത്തുകൊണ്ടുവരാനാണ് തന്റെ ശ്രമമെന്നും സ്വപ്ന പറഞ്ഞിരുന്നു.

ജീവന് ഭീഷണിയുണ്ടെന്നും തന്റെ കൂടെ ഉള്ളവരെ ഉപദ്രവിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. സ്വയരക്ഷയെ കരുതി രണ്ട് ബോഡിഗാര്‍ഡുകളെയും കഴിഞ്ഞ ദിവസം അവര്‍ നിയമിച്ചിരുന്നു.