Friday, May 3, 2024
indiaNews

മുംബൈയിലെ മൂന്ന് റെയില്‍വെ സ്റ്റേഷനുകളും ബോളീവുഡ് താരം അമിതാഭ് ബച്ചന്റെ ബംഗ്‌ളാവും ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി

മുംബൈയിലെ മൂന്ന് റെയില്‍വെ സ്റ്റേഷനുകളും ബോളീവുഡ് താരം അമിതാഭ് ബച്ചന്റെ ബംഗ്‌ളാവും ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് പേരെ മുംബൈ പോലീസിന്റെ ക്രൈം ഇന്റെലിജെന്‍സ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്.

ദാദര്‍, ബൈകുള, ഛത്രപതി ശിവജി ടെര്‍മിനല്‍ എന്നീ റെയില്‍വെ സ്റ്റേഷനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. അമിതാബ് ബച്ചന്റെ ബംഗ്‌ളാവിലും ബോംബ് വെച്ചിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ഉടനെ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ അതാത് സ്ഥലങ്ങളിലെത്തി പരിശോധന നടത്തി. പുലര്‍ച്ചെ വരെ നീണ്ട പരിശോധനയില്‍ സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ല.

പൊലീസ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയില്‍വെ പൊലീസ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ് തുടങ്ങിയവ സംയുക്തമായാണ് പരിശോധന നടത്തിയത്. അമിതാഭ് ബച്ചന്റെ നാല് ബംഗ്‌ളാവുകളും സംഘം പരിശോധിച്ചു. മുതിര്‍ന്ന പോലീസ് ഇന്‍സ്പെക്ടര്‍ ശശികാന്ത് മനെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംശയാസ്പദമായ ഒരു വസ്തുവും പറഞ്ഞു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.