Monday, May 13, 2024
keralaNewspolitics

മാണി സി. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരില്ല ;പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്.

ഇടതുമുന്നണി വിട്ട മാണി സി.കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരില്ല. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഘടകകക്ഷിയായി യുഡിഎഫിനൊപ്പം നില്‍ക്കാനാണ് കാപ്പനെ അനുകൂലിക്കുന്നവരുടെ തീരുമാനം.എന്‍സിപി കേരള എന്ന പേരിലായിരിക്കും പുതിയ പാര്‍ട്ടിയെന്നാണ് സൂചന. കോണ്‍ഗ്രസില്‍ ചേരാന്‍ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ നീക്കത്തോട് താല്‍പര്യം കാട്ടാതെയാണ് കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ എത്തുന്നത്.മാണി സി. കാപ്പന്‍ ഉള്‍പ്പെടെ പത്തു ഭാരവാഹികളാണ് എന്‍സിപിയില്‍ നിന്ന് രാജിവച്ചത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന എല്‍ഡിഎഫിന്റെ ആവശ്യം മാണി സി. കാപ്പന്‍ തള്ളി. കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടപ്പോള്‍ തോമസ് ചാഴികാടന്‍ എംപി സ്ഥാനവും റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജും എംഎല്‍എ സ്ഥാനവും രാജിവച്ചില്ലല്ലോയെന്നാണ് കാപ്പന്‍ ചോദിക്കുന്നത്.

മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതിനോട് മൃദുസമീപനമാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ സ്വീകരിച്ചത്. കാപ്പന്‍ ഉയര്‍ത്തിയ ആവശ്യം ന്യായമാണെന്നും അദ്ദേഹം പാര്‍ട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും യുഡിഎഫിലേക്ക് പോകുന്നത് നഷ്ടമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മാണി സി. കാപ്പനെയും അനുകൂലിക്കുന്നവരെ പുറത്താക്കണമെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ ആവശ്യം. രാജിവച്ചവരെ എങ്ങനെ പുറത്താക്കാന്‍ കഴിയുമെന്നാണ് ടി.പി. പീതാബരന്‍ ചോദിക്കുന്നത്.കാപ്പന്‍ പാര്‍ട്ടി വിട്ടിട്ടും എന്‍സിപി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം തുടരുകയാണെന്നതിന്റെ സൂചനയാണ് ഇരു വിഭാഗം നേതാക്കളുടെയും പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ ഒപ്പം നിര്‍ത്താനാണ് കാപ്പനെ അനുകൂലിക്കുന്നവരുടെ നീക്കം. യുഡിഎഫ് മൂന്ന് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്.

എം.എം. മണി വാ പോയ കോടാലിയെന്ന് എം.എം. മണി വാ പോയ കോടാലി ആണെന്ന് മാണി സി. കാപ്പന്‍. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് എം.എം. മണിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്‍സിപി ദേശീയ നേതൃത്വം എല്‍ഡിഎഫിനൊപ്പമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറാന്‍ കഴിയില്ലെന്ന് പവാര്‍ അറിയിച്ചു.മുന്നണി മാറുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങള്‍ രാജിവയ്ക്കും. സംസ്ഥാന ഭാരവാഹികളില്‍ 11 പേര്‍ ഒപ്പമുണ്ട്. ജനങ്ങളുടെ കോടതി ജോസ് കെ. മാണിക്ക് മറുപടി കൊടുക്കുമെന്നും പാലായില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മാണി സി. കാപ്പന്‍ പറഞ്ഞു.