Tuesday, May 14, 2024
keralaNews

പുതിയ റേഷന്‍ കാര്‍ഡിന്റെ നിറം ബ്രൗണ്‍

തിരുവനന്തപുരംന്മ സംസ്ഥാനത്തു പുതുതായി രൂപീകരിച്ച എന്‍പി (ഐ) (പൊതുവിഭാഗം സ്ഥാപനം) എന്ന അഞ്ചാമതു വിഭാഗം റേഷന്‍ കാര്‍ഡുകളുടെ നിറം ബ്രൗണ്‍. ഈ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ പ്രതിമാസം 2 കിലോ അരി, ലഭ്യതയ്ക്ക് അനുസരിച്ച് ഒരു കിലോ ആട്ട എന്നിവ നല്‍കും. ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിതരണം ചെയ്യുന്ന സ്‌പെഷല്‍ അരിയില്‍ 2 കിലോ വീതം ഈ കാര്‍ഡ് ഉടമകള്‍ക്കു ലഭിക്കും. നിലവില്‍ ഒരു കുടുംബത്തിന് ഒന്നെന്ന തോതില്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യസാധനകിറ്റ്, പുതിയ വിഭാഗം കാര്‍ഡുകള്‍ക്കു നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതു മുന്‍ഗണനാ വിഭാഗം കാര്‍ഡ് അല്ല. സാധാരണ ഒരു കുടുംബത്തിനാണു കാര്‍ഡ് നല്‍കുന്നതെങ്കില്‍ ഇത്തരം കാര്‍ഡ് വ്യക്തികള്‍ക്കാണ്.

സംസ്ഥാനത്ത് സര്‍ക്കാര്‍വക റേഷന്‍ പെര്‍മിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, അഗതിമന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ക്ഷേമാശുപത്രികള്‍, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നതും രാജ്യത്തുള്ള ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്തവരുമായ വ്യക്തികള്‍ക്കു പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള റേഷന്‍ വിഹിതം ലഭിക്കുന്നതിനായാണു പുതിയ വിഭാഗം രൂപീകരിച്ചത്. സ്ഥാപനങ്ങളിലെ അന്തേവാസികള്‍ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ സ്ഥാപന മേലധികാരി നല്‍കുന്ന സത്യപ്രസ്താവനയ്ക്ക് ഒപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കൂടി സമര്‍പ്പിക്കണം. ഇതു വരെ ഇത്തരം കാര്‍ഡുകള്‍ക്കായി പത്തില്‍ താഴെ അപേക്ഷകളാണു ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തില്‍ മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. നിലവില്‍ അന്ത്യോദയ അന്നയോജന (എഎവൈ മഞ്ഞ നിറം), മുന്‍ഗണന വിഭാഗം (പിഎച്ച്എച്ച് പിങ്ക്) എന്നീ മുന്‍ഗണനാ വിഭാഗം കാര്‍ഡുകളും എന്‍പിഎസ് (സംസ്ഥാന സബ്‌സിഡി നീല), എന്‍പിഎന്‍എസ് (വെള്ള) എന്നീ മുന്‍ഗണന ഇതര കാര്‍ഡുകളുമാണു സംസ്ഥാനത്തുള്ളത്.