Monday, May 20, 2024
keralaNews

മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും മുന്‍ എംപിയുമായ സുഷ്മിതാ ദേവ് തൃണമൂലിലേക്ക്.

കോണ്‍ഗ്രസ് വിട്ട മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും മുന്‍ എംപിയുമായ സുഷ്മിതാ ദേവ് തൃണമൂലിലേക്ക്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയ സുഷ്മിത, പൊതു ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് പ്രതികരിച്ചു. കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത് കണ്ണുകളടച്ചാണെന്ന വിമര്‍ശനവുമായി കപില്‍ സിബല്‍ രംഗത്തുവന്നു.സമരവേദികളില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ശക്തയായ നേതാവാണ് രാജിവച്ച് പുറത്തുപോകുന്നത്. മൂന്ന് പതിറ്റാണ്ട് കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ചത് വിലപ്പെട്ടതാണ്. അവസരം നല്‍കിയതിന് പാര്‍ട്ടിക്കും നേതാക്കള്‍ക്കും അണികള്‍ക്കും നന്ദി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ സുഷ്മിത ദേവ് പറഞ്ഞു. അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയം മുതല്‍ നേതൃത്വവുമായി ഭിന്നതയിലായിരുന്നു. അസം പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തഴഞ്ഞതിലും സുഷ്മിതയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു.മുന്‍ കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ ദേവിന്റെ മകളായ സുഷ്മിത 2014 ല്‍ അസമിലെ സില്‍ചറില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2017 ലാണ് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയിലേക്കെത്തുന്നത്. ഇന്ന് രാവിലെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കോണ്‍ഗ്രസ് അംഗം എന്നത് മുന്‍ അംഗം എന്ന് തിരുത്തിയതോടെയാണ് രാജിവാര്‍ത്ത പുറത്തുവന്നത്. കൊല്‍ക്കത്തയിലെത്തുന്ന സുഷ്മിത, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. സുഷ്മിതയുമായി ചര്‍ച്ച തുടരുമെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ പ്രതികരണം. യുവ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോകുമ്പോള്‍ പഴിയേല്‍ക്കേണ്ടി വരുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഞങ്ങള്‍ മുതിര്‍ന്നവരാണെന്ന് കപില്‍ സിബല്‍ വിമര്‍ശിച്ചു.