Thursday, May 16, 2024
indiaNewspolitics

മഹാരാഷ്ട്രയില്‍ എന്തും സംഭവിക്കാവുന്ന സാഹചര്യമെന്ന് ബിജെപി

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ എന്തും സംഭവിക്കാവുന്ന സാഹചര്യമെന്ന് ബിജെപി . സര്‍ക്കാര്‍ രൂപീകരിക്കാന്‍ തത്കാലം ബിജെപിക്ക് ഉദ്ദേശ്യമില്ല.                                                                               

ഇതുമായി ബന്ധപ്പെട്ട് വിമത ശിവസേന എം എല്‍ എ ഏകനാഥ് ഷിന്‍ഡെയുമായി പാര്‍ട്ടി ഒരു തരത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും മഹാരാഷ്ട്ര ബിജെപി അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

എന്നാല്‍ രാഷ്ട്രീയത്തില്‍ എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ബിജെപി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. നിലവില്‍ ഒന്നും പറയാറായിട്ടില്ല. പാട്ടീല്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാജ്യസഭാ-എം എല്‍ സി തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് സ്വതന്ത്രരുടെയും ചെറു പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചു. നിലവില്‍ 35 എം എല്‍ എമാരാണ് ഏകനാഥ് ഷിന്‍ഡെക്ക് ഒപ്പമുള്ളത്.                                                                                                                 

ഇതിന്റെ അര്‍ത്ഥം, സാങ്കേതികമായി മഹാരാഷ്ട്ര സര്‍ക്കാര്‍ ന്യൂനപക്ഷമായി കഴിഞ്ഞു എന്നാണ്. എന്നാല്‍, പ്രായോഗികമായി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകാന്‍ കുറച്ച് സമയം കൂടി കാത്തിരിക്കണം. പാട്ടീല്‍ പറഞ്ഞു.

35 എം എല്‍ എമാരുമായി ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ എത്തിയത് മഹാരാഷ്ട്ര സര്‍ക്കാരില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. 20 എം എല്‍ എമാര്‍ ഷിന്‍ഡെക്ക് ഒപ്പം ഉള്ളതായി ശിവസേനയും സമ്മതിക്കുന്നു.

അതേസമയം, നിലവിലുള്ളത് തെറ്റിദ്ധാരണമൂലം ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങളാണ് എന്നാണ് ശിവസേന എം പി സഞ്ജയ് റാവത്ത് പറയുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഷിന്‍ഡെയെ മഹാരാഷ്ട്രയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും റാവത്ത് പറയുന്നു.