Tuesday, May 7, 2024
keralaNews

മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു.

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു. അതേസമയം മറ്റു ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മലപ്പുറത്ത് തുടരും. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ മറ്റു ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നു. മലപ്പുറത്ത് ഈ ആഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടാകാന്‍ തുടങ്ങി. വെള്ളിയാഴ്ച 13.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാല്‍ ഞായറാഴ്ച മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ കലക്ടര്‍ പിന്‍വലിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടിയേക്കും. ജൂണ്‍ 9 വരെ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വൈകിട്ട് നടത്തും. ലോക്ക് ഡൗണ്‍ നീട്ടുമെങ്കിലും അവശ്യ സേവന മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്നാണ് വിവരം.

സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നല്‍കുക. വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും. അന്‍പത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.ഈ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്.