Tuesday, May 14, 2024
indiaNewspolitics

മണിപ്പൂര്‍ കലാപം; രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം: സുപ്രീം കോടതി

ദില്ലി: മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതിയോട് സുപ്രീം കോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ദത്താത്രയ് പദ്സാല്‍ഗിക്കറോട് നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കിയ സുപ്രീംകോടതി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു.                                            ഇരു റിപ്പോര്‍ട്ടുകളും ഒക്ടോബര്‍ 13 ന് കോടതി പരിഗണിക്കും. ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെ രാത്രിയാണ് പുറത്തിറക്കിയത്. മണിപ്പൂര്‍ കലാപത്തിലും അന്വേഷണത്തിലും സ്വമേധയ എടുത്ത കേസ് ഉള്‍പ്പെടെ വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടല്ലുണ്ടായത്. മുന്‍ ഹൈക്കോടതി വനിത ജഡ്ജിമാര്‍ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. മുന്‍ ജഡ്ജിമാരായ ഗീത മിത്തല്‍, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമിതി കോടതിക്ക് സമര്‍പ്പിക്കും. സിബിഐ അന്വേഷണം തടയുന്നില്ലെന്ന വ്യക്തമാക്കിയ കോടതി നിലവിലുള്ള സംഘത്തിനൊപ്പം കോടതി നിയോഗിച്ച അഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. വിവിധ സംസ്ഥാന പൊലീസുകളില്‍ നിന്നായി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും ഇവര്‍.