Sunday, May 19, 2024
indiakeralaLocal NewsNews

മണിപ്പൂരില്‍ പള്ളികള്‍ മാത്രമല്ല ക്ഷേത്രങ്ങളും തകര്‍ത്തു; കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്

പനാജി: മണിപ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷമല്ലെന്നും രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള പോരാണെന്നും നടക്കുന്നതെന്നും കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. മണിപ്പൂരില്‍ നടക്കുന്ന കലാപത്തിന് ഒരിക്കലും മതപരമായ ഛായ നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കേരളത്തിലടക്കം മണിപ്പൂര്‍ കലാപത്തെ മതപരമായ ഒന്നായി ചിത്രീകരിക്കാന്‍ ചില ഗൂഢ ശക്തികള്‍ ശ്രമിക്കുന്നതിനിടെയാണ് കര്‍ദ്ദിനാളിന്റെ വെളിപ്പെടുത്തല്‍.   മണിപ്പൂര്‍ കലാപത്തെ ഒരു അവസരമായി ഉപയോഗിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിദ്വേഷം പടര്‍ത്താനും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുമ്പോള്‍, ഐക്യവും സമാധാനവും കെട്ടിപ്പടുക്കാന്‍ വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ സന്ദേശം. ജൂലൈ 26-ന് ഇറങ്ങിയ വീഡിയോയിലൂടെയാണ് മണിപ്പൂര്‍ കലാപത്തിന്റെ യാഥാര്‍ത്ഥ്യം കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് തുറന്നു കാണിച്ചത്. വീഡിയോ സന്ദേശത്തില്‍, മണിപ്പൂരില്‍ നടക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ലെന്നും രണ്ട് ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ശത്രുതയില്‍ നിന്നും ഉടലെടുത്ത ഹീനമായ കലാപമാണെന്നും കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറയുന്നു. അതില്‍ ക്രിസ്ത്യന്‍ – ഹിന്ദു ദേവാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുകയും ചെയ്ത ആസുരികതയാണ് അരങ്ങ് തകര്‍ത്തതെന്നും സമാധാനം സ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നുമാണ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയും, ഇന്നു രാവിലെയും ഞാന്‍ സിബിസിഐ പ്രസിഡന്റുമാരുമായി സംസാരിക്കുകയും അവരുടെ പദ്ധതികളെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. എങ്ങനെ സമാധാനം പുനഃസ്ഥാപിക്കാം, സഭയ്ക്ക് സമാധാനം കെട്ടിപ്പടുക്കാന്‍ എങ്ങനെ സംഭാവന നല്‍കാം എന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പള്ളികള്‍ നശിപ്പിക്കപ്പെട്ടു, അതുപോലെ തന്നെ ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു. നിങ്ങള്‍ക്ക് അറിയാവുന്നതിനേക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങളും പള്ളികളും തകര്‍ത്തിട്ടുണ്ട്. ഇത് പുനര്‍നിര്‍മ്മിക്കാന്‍ നാം അവരെ സഹായിക്കണം.ഇതൊരു ഗോത്ര സംഘര്‍ഷമാണ്. ഒരു നിയമനിര്‍മ്മാണത്തിന്റെ പേരില്‍ ചരിത്രപരമായി പരസ്പരം ശത്രുത പുലര്‍ത്തുന്ന രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. എന്നാല്‍ മതപരമായ ഒരു ച്ഛായയാണ് ഇതിന് പലരുംനല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍, രണ്ട് മതങ്ങള്‍ തമ്മിലുള്ള മത സംഘര്‍ഷമല്ല ഇത്. രണ്ട് ഗോത്രങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷമാണ്. സ്ഥിതി കൂടുതല്‍ വഷളാക്കുന്ന ഒന്നും നമ്മള്‍ ഇപ്പോള്‍ ചെയ്യരുത്.