Wednesday, May 8, 2024
keralaNews

മണര്‍കാട് പള്ളി പെരുന്നാളിനെ തടസപ്പെടുത്തുന്ന വിധമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : വിഎന്‍ വാസവന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് അസാധാരണ വേഗമെന്ന് മന്ത്രി വിഎന്‍ വാസവന്‍. മണര്‍കാട് പള്ളി പെരുന്നാള്‍ കാലത്ത് വന്‍ തിരക്കാണ് പുതുപ്പള്ളിയില്‍ ഉണ്ടാവുക. പള്ളിക്കു ചുറ്റും നിരവധി ബൂത്തുകളുണ്ട്.ഈ ബൂത്തുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവും. പെരുന്നാളിനെ തടസപ്പെടുത്തുന്ന വിധമാണ് തെരഞ്ഞെടുപ്പ് തീയതിയെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.നിബു ജോണുമായി ഒരു ആശയ വിനിമയവും നടത്തിയിട്ടില്ലെന്നും മന്ത്രി വാസവന്‍ ആവര്‍ത്തിച്ചു.നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാവ് നിബു ജോണിനെ സിപിഎം രംഗത്തിറക്കുമെന്ന് സൂചനകളുണ്ടായിരുന്നു.ഈ നീക്കം ഉമ്മന്‍ചാണ്ടിയുടെ കുടുംബം ഇടപെട്ടാണ് ഇല്ലാതാക്കിയതെന്നാണ് വിവരം.അതേസമയം,വിഷയത്തില്‍ പ്രതികരണവുമായി നിബു ജോണ്‍ രംഗത്തുവന്നിരുന്നു.താന്‍ യാതൊരു വിമത നീക്കവും നടത്തിയിട്ടില്ലെന്ന് നിബു ജോണ്‍ പറഞ്ഞു.വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ബന്ധുവിന്റെ മരണവീട്ടിലായിരുന്നു.പുതുപ്പള്ളിയില്‍ തന്നെ ഉണ്ടായിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎം തന്നെ വാര്‍ത്ത നിഷേധിച്ചല്ലോയെന്നും പറഞ്ഞു.

ഇന്നലെ രാത്രിയാണ് പുതുപ്പള്ളിയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സ്ഥാനം രാജിവെച്ച് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വാര്‍ത്ത വന്നത്.പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം അടക്കം ഇടപെട്ട് നേതാവിനെ അനുനയിപ്പിക്കുകയായിരുന്നു.കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.