Sunday, May 12, 2024
keralaNews

മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു

പന്തളം: ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗസംഘം കാല്‍നടയായാണ് ശബരിമലയില്‍ എത്തിക്കുന്നത്. മകരസംക്രമ പൂജയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളാണിത്. രാജപ്രതിനിധിയായ മൂലം നാള്‍ ശങ്കരവര്‍മ്മയുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ആഭരണങ്ങള്‍ എഴുന്നള്ളിച്ചിരുന്നു.

12 മണിയോടെയാണ് ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിച്ചത്. പരമ്പരാഗത പാതയിലൂടെ കുളനട ഉള്ളന്നൂര്‍ ആറന്മുള അയിരൂര്‍ പുതിയകാവ് പെരുനാട് ളാഹ വഴി സഞ്ചരിച്ച് വെള്ളിയാഴ്ച കാനനപാതയിലൂടെ വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകീട്ട് തിരുവാഭരണം ശബരിമലയിലെത്തിക്കും. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക. കൊറോണ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പങ്കെടുക്കാവുന്നവരുടെ എണ്ണത്തില്‍ ഇത്തവണയും നിയന്ത്രണങ്ങളുണ്ട്.