Sunday, April 28, 2024
indiaNewspolitics

ഭാരത രത്ന; ‘രാജ്യത്തിനും പ്രധാനമന്ത്രിക്കും നന്ദി’

ന്യൂഡല്‍ഹി: രാജ്യം നല്‍കിയ ആദരത്തിന് ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് മുന്‍ ഉപപ്രധാനമന്ത്രി ലാല്‍കൃഷ്ണ അദ്വാനി. രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി പിതാവിന് ലഭിച്ചതില്‍ സന്തോഷം പങ്കുവച്ച് അദ്ദേഹത്തിന്റെ മക്കളും രംഗത്തുവന്നു. അദ്ദേഹം വളരെ സന്തോഷവാനാണെന്നും രാജ്യത്തെ ജനങ്ങളോടും പ്രധാനമന്ത്രിയോടും അദ്ദേഹം നന്ദി പറയുന്നതായി അറിയിച്ചതായും കുടുംബം പറഞ്ഞു.അദ്ദേഹം വളരെ സന്തോഷവാനാണ്. രാജ്യത്തിനായി ജീവിതകാലം മുഴുവന്‍ ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് അദ്ദേഹം. ഈ സന്തോഷ നിമിഷത്തില്‍, ഈ ആദരത്തിന് രാജ്യത്തെ ജനങ്ങളോടും പ്രധാനമന്ത്രിയോടും നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു. അദ്വാനിയുടെ മകള്‍ പ്രതിഭ മാദ്ധ്യമങ്ങളോട് പറഞ്ഞു. പിതാവിനെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ചതില്‍ സന്തോഷം പങ്കുവച്ച് മകന്‍ ജയന്ത് അദ്വാനിയും രംഗത്തുവന്നിരുന്നു.96-ാം വയസിലാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി മുന്‍ ഉപപ്രധാനമന്ത്രിയെ തേടിയെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്വാനിക്ക് ഭാരത് രത്ന സമ്മാനിക്കുന്ന വിവരം എക്സിലൂടെ പുറത്തുവിട്ടത്. ഭാരത് രത്ന രാജ്യം നല്‍കുന്ന വിവരം അദ്വാനിയെ പ്രധാനമന്ത്രി നേരിട്ടെത്തി അറിയിക്കുകയായിരുന്നു.ഉപപ്രധാനമന്ത്രിയെന്ന നിലയിലും വാജ്പേയി മന്ത്രിസഭയില്‍ ആഭ്യന്തരം, ഖനി മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രിയായും അദ്വാനി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977 ല്‍ അധികാരത്തിലെത്തിയ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യസഭ, ലോക്സഭ പ്രതിപക്ഷ നേതാവ്, ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. നിലവില്‍ ബിജെപിയിലെ പരമോന്നത സമിതിയായ മാര്‍ഗദര്‍ശന്‍ മണ്ഡല്‍ അംഗമാണ് അദ്ദേഹം.