Wednesday, May 15, 2024
keralaNews

ബിന്‍സി തോമസിന്റെ മരണത്തില്‍, ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പരാതിയുമായി കുടുംബം.

പത്തനംതിട്ട: കൈപ്പുഴ സ്വദേശിനി ബിന്‍സി തോമസിന്റെ മരണത്തില്‍, ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പരാതി.ബിന്‍സിയെ ഭര്‍ത്താവും ഭര്‍തൃമാതാവും മര്‍ദിച്ചിരുന്നുവെന്നും മര്‍ദനത്തിന്റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും തെളിവില്ലെന്നാണ് പൊലീസിന്റെ നിലപാടെന്നും കുടുംബം ആരോപിച്ചു.ഏപ്രില്‍ 26നാണ് ബിന്‍സിയെ ഭര്‍ത്താവ് ജിജോയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ജോലി കിട്ടി മൂന്നാം മാസമായിരുന്നു മരണം. കഴിഞ്ഞ ദിവസം ബിന്‍സിയുടെ ഫോണില്‍ നിന്ന് ഭര്‍തൃമാതാവ് മര്‍ദിക്കുന്നതിന്റെയും ഭര്‍ത്താവിന്റെ മര്‍ദനമേറ്റതിന്റെ പാടുകളുള്ള ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും മാവേലിക്കര പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനമെന്നും സ്ത്രീധന പീഡനത്തിനോ, ആത്മഹത്യാ പ്രേരണയ്‌ക്കോ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നും കുടുംബം പറയുന്നു.

ബിന്‍സി തൂങ്ങി മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ശ്വാസതടസ്സം മൂലം മരിച്ചെന്നായിരുന്നു ഭര്‍തൃകുടുംബത്തിന്റെ ആദ്യ വിശദീകരണം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ തൂങ്ങി മരിച്ചതാണെന്നും, തൂങ്ങാനുപയോഗിച്ച ഷാള്‍ കഴുകിയിട്ടെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും സമ്മതിച്ചു.സര്‍ക്കാര്‍ ജോലി കിട്ടിയ ശേഷം ആത്മവിശ്വാസത്തിലായിരുന്ന ബിന്‍സി ജീവനൊടുക്കില്ലെന്ന് കുടുംബം പറയുന്നു. കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ സംശകരമായ പാടുകളുണ്ടായിരുന്നു. ഭര്‍ത്താവ് പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഭര്‍ത്താവും അമ്മയും മര്‍ദിച്ചതിന്റെ തെളിവുകള്‍ നല്‍കിട്ടും പൊലീസ് പരിഗണിക്കുന്നില്ലെന്നും ബിന്‍സിയുടെ കുടുംബം പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പായിരുന്നു ബിന്‍സിയുടെ വിവാഹം. ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.