Saturday, May 18, 2024
indiaNewspolitics

ബിജെപി ഇന്ന് 43-ാം വയസ്സിലേക്ക്

ന്യൂഡല്‍ഹി: 1951ല്‍ രൂപംകൊണ്ട് ഭാരതീയ ജനസംഘമാണ് ബിജെപിയുടെ പൂര്‍വ്വരൂപം. അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടവും തുടര്‍ന്നുള്ള രാഷ്ട്രീയ സഹാചര്യവുമാണ് 1980 ഏപ്രില്‍ ആറിന് ബിജെപി രൂപം കൊള്ളുന്നതിലേക്ക് എത്തിയത്.

ചുരുങ്ങിയ കാലം കൊണ്ട് വളരെ മികച്ച വളര്‍ച്ചയാണ് ബിജെപി കാഴ്ച്ചവെച്ചത്. ഏറ്റവും കൂടുതല്‍ അംഗങ്ങള്ള ലോക്സഭയിലേയും രാജ്യസഭയിലേയും കക്ഷിയായി ബിജെപി മാറിയിരിക്കുന്നു.

ബിജെപി സ്ഥാപക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പ്രവര്‍ത്തകര്‍ക്ക് പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്.

ബിജെപിയുടെ 43ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകള്‍ വഴി തത്സമയ സംപ്രേഷണമുണ്ടാകും. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് രക്തദാന ക്യാമ്പും സംഘടിപ്പിക്കും. ഇന്ന് മുതല്‍ ഈമാസം ഇരുപത് വരെ സാമൂഹ്യ നീതിയെന്ന വിഷയത്തില്‍ രാജ്യമൊട്ടാകെ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് അറിയിച്ചു.

സ്ഥാപക ദിനത്തോട് അനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ബിജെപിയെ അറിയാന്‍ എന്ന പരിപാടിയില്‍ വിദേശരാജ്യങ്ങളിലെ നയതന്ത്രജ്ഞരു പങ്കെടുക്കും. മറ്റ് രാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിനായാണ് വിദേശരാജ്യങ്ങളിലെ നയതന്ത്രജ്ഞരേയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും. ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍. അംബേദ്ക്കറുടെ ജന്മദിന വാര്‍ഷികം ആചരിക്കുന്ന ഏപ്രില്‍ പതിനാലിന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു.