Friday, May 17, 2024
indiaNewspolitics

ബാലാസാഹേബ് താക്കറെയുടെ വിശ്വാസങ്ങളെ മുറുകെപിടിച്ചാണ് ഈ മുന്നേറ്റം: ഏകനാഥ് ഷിന്‍ഡെ

മുംബൈ: മുഖ്യമന്ത്രി പദം വ്യക്തിപരമായി താന്‍ മോഹിച്ചിരുന്നതല്ലെന്ന് ഏകനാഥ് ഷിന്‍ഡെ. വിധിയാണ് ഈ ചുമതലയില്‍ കൊണ്ടെത്തിച്ചതെന്നും ഷിന്‍ഡെ പറഞ്ഞു. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ.                                                                 

ബാലാസാഹേബ് താക്കറെയുടെ വിശ്വാസങ്ങളെ മുറുകെപിടിച്ചാണ് ഈ മുന്നേറ്റം. ബാലാസാഹേബിന്റെ സൈനികനാണ് ഇപ്പോള്‍ മുഖ്യമന്ത്രി പദത്തിലുള്ളതെന്നും ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.

ബിജെപിക്ക് 115 എംഎല്‍മാരുടെ പിന്തുണ ഉണ്ടായിരുന്നു, തന്റെ പക്ഷത്ത് 50 പേരും. എന്നിട്ടും ബിജെപി തന്നോട് വലിയ കനിവ് കാണിച്ചു. മുഖ്യമന്ത്രി പദം തനിക്ക് നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്നിവരോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി പദം ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയും തനിക്കുണ്ടായിരുന്നില്ലെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

ഇത്രനാളും നമ്മള്‍ കണ്ട മാറ്റം ഇപ്രകാരമായിരുന്നു. പ്രതിപക്ഷത്തുള്ളവര്‍ സര്‍ക്കാരിനോട് ചായ്വ് കാണിക്കുന്നു. എന്നാലിപ്പോള്‍ സര്‍ക്കാരില്‍ നിന്ന് പ്രതിപക്ഷത്തേക്ക് ആളുകള്‍ ചേക്കേറുന്നതായിരുന്നു മാറ്റമെന്നും ഉദ്ധവ് താക്കറെയ്ക്കെതിരെ ഷിന്‍ഡെ വിമര്‍ശനമുന്നയിച്ചു.                                                       

ഷിന്‍ഡെ പക്ഷ എംഎല്‍എമാര്‍ പലരുമായും ബന്ധപ്പെടുന്നുണ്ടെന്നായിരുന്നു ഉദ്ധവ് ക്യാമ്പിന്റെ വാദം. ആദ്യം പറഞ്ഞു അഞ്ച് എംഎല്‍എമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന്.

പിന്നീട് 10, 20, 25 എന്നിങ്ങനെയായി നമ്പര്‍. ഷിന്‍ഡെ പക്ഷത്തുള്ള ഈ 25 എംഎല്‍എമാര്‍ ആരൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ലായിരുന്നു.

എന്തായാലും ഊഹാപോഹങ്ങളും മുന്‍വിധികളുമെല്ലാം തെറ്റിപ്പോയെന്ന് തെളിഞ്ഞു. ഒരു എംഎല്‍എയെയും നിര്‍ബന്ധിച്ച് തന്റെ പക്ഷത്ത് ഇരുത്തിയിട്ടില്ല.

ബാലാസാഹേബ് താക്കറെയുടേയും ആനന്ദ് ഡിഗെയുടെയും പ്രത്യയശാസ്ത്രത്തെ അനുഗമിക്കുന്ന തന്നെപോലെയുള്ള ഒരു സാധാരണ പ്രവര്‍ത്തകന് ഇത് വലിയ കാര്യമാണെന്നും ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.