Sunday, May 12, 2024
keralaNews

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം; രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ കെ കെ ഷൈജുവിനെയും, ജില്ലാ ഫയര്‍ ഓഫീസര്‍ ജെ എസ് ജോഗിയെയും സസ്‌പെന്റ് ചെയ്തു. പരിശീലനം നല്‍കിയ മൂന്ന് ഫയര്‍മാന്മാരെ സ്ഥലമാറ്റി.

വകുപ്പ് തല നടപടിക്കും മുഖ്യമന്ത്രി ഉത്തരവിറക്കി. മൂന്ന് ഫയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ഫയര്‍ ഫോഴ്‌സ് മേധാവിയുടെ ശുപാര്‍ശ.

മത-രാഷ്ട്രീയ സംഘടനകള്‍ക്ക് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പരിശീലനം നല്‍കുന്നത് വിലക്കി ഫയര്‍ഫോഴ്‌സ് മേധാവി സര്‍ക്കുലര്‍ ഇറക്കി.

എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. സര്‍ക്കാര്‍ അംഗീകൃത സന്നദ്ധ സംഘടനകള്‍, വ്യാപാരി-വ്യവസായി മേഖലയുമായി ബന്ധപ്പെട്ട കൂട്ടായ്മകള്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം പരിശീലനം നല്‍കിയാല്‍ മതിയാകും.

അപേക്ഷ ലഭിച്ച്, പരിശീലനത്തിന് ആളെ വിട്ടുനല്‍കുന്നതിന് മുന്‍പായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

ഇതിനിടയിലാണ് അടിയന്തര പ്രാധാന്യത്തോടെയുള്ള സര്‍ക്കുലര്‍. കഴിഞ്ഞ മാസം മുപ്പതിനാണ് ആലുവ ടൗണ്‍ ഹാളില്‍വച്ച് പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്‍കിയ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് .

ഇതാണ് വിവദമായത്. മത രാഷ്ട്രീയ സംഘടനകള്‍ക്ക് പരിശീലനം നല്‍കേണ്ടതില്ലെന്നും, അപേക്ഷകളില്‍ കൂടിയാലോചന വേണമെന്നും ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ.