Friday, May 3, 2024
keralaNews

ബാങ്കില്‍ 125 കോടിയുടെ തട്ടിപ്പ്; 6 പേര്‍ക്കെതിരെ കേസ്

എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 125 കോടിയിലേറെ രൂപയുടെ ക്രമക്കേട്. ബാങ്കിന്റെ മുന്‍ സെക്രട്ടറിയും ജീവനക്കാരും ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. മുന്‍ സെക്രട്ടറി ടി.ആര്‍.സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ.ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി.കെ.ജില്‍സ്, ഇടനിലക്കാരന്‍ കിരണ്‍ (അരുണ്‍), കമ്മിഷന്‍ ഏജന്റ് എ.കെ.ബിജോയ്, ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ അക്കൗണ്ടന്റ് റജി അനില്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സിപിഎം, സിപിഐ നേതാക്കള്‍ ഉള്‍പ്പെട്ട ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടതായി പ്രചാരണം ഉയര്‍ന്നെങ്കിലും സഹകരണ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പിരിച്ചുവിടാതിരിക്കാന്‍ ഉന്നതതല സമ്മര്‍ദമുള്ളതായി വിവരമുണ്ട്.