Saturday, May 18, 2024
keralaNewspolitics

ബസ് ഉടമയും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി

കോട്ടയം: കോട്ടയം തിരുവാര്‍പ്പില്‍ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. കോട്ടയം ജില്ല ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പായത്.                  ബസ് ഉടമയായ രാജ്‌മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലെയും തൊഴിലാളികളുടെ ജോലി റൊട്ടേഷന്‍ വ്യവസ്ഥയില്‍ പുനക്രമീകരിക്കും. അതു വഴി എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണയായത്. ഇതിനായി വരുമാനമുള്ള ബസുകളിലെയും വരുമാനം കുറഞ്ഞ ബസുകളിലെയും ജീവനക്കാര്‍ എല്ലാ ബസുകളിലുമായി മാറി മാറി ജോലി ചെയ്യും. ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍, രാജ് മോഹനെ മര്‍ദ്ദിച്ച സിപിഎം നേതാവിനെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ചര്‍ച്ചയില്‍ നിന്ന് രാജ് മോഹന്‍ ഇറങ്ങിപ്പോയി. പിന്നീട് ആരോപണ വിധേയനായ സിപിഎം നേതാവ് കെആര്‍ അജയനെ ഒഴിവാക്കി ചര്‍ച്ച നടത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ തയ്യാറായി. ഇതോടെ രാജ് മോഹന്‍ വൈകിട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഇല്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം രാജ് മോഹന്‍ പ്രതികരിച്ചു. സിഐടിയു പ്രവര്‍ത്തകര്‍ ബസ്സില്‍ കൊടികുത്തിയതിനെതിരെ പ്രതിഷേധിച്ച രാജ് മോഹനനെ സിപിഎം ജില്ലാ നേതാവ് മര്‍ദ്ദിച്ചതോടെയാണ് കോട്ടയം തിരുവാര്‍പ്പിലെ തൊഴില്‍ തര്‍ക്കം വിവാദമായത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സ്വകാര്യബസ് ഉടമകളുടെ സംഘടനയുടെയും സിഐടിയുവിന്റെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.                      വെട്ടിക്കുളങ്ങര ബസ്സിന്റെ ഉടമയായ രാജ്‌മോഹന്‍ സിഐടിയു അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നല്‍കുന്നുവെന്നും ബിഎംഎസ് യൂണിയന്‍കാരായ തൊഴിലാളികള്‍ക്ക് കൂടിയ വേതനം നല്‍കുന്നുവെന്നുമായിരുന്നു സിഐടിയുവിന്റെ പരാതി. തൊഴിലാളികള്‍ക്ക് വേതനം വര്‍ധിപ്പിക്കണമെന്ന സിഐടിയുവിന്റെ ആവശ്യം രാജ്‌മോഹന്‍ നിരാകരിച്ചതോടെ ബസില്‍ കൊടികുത്തി സിഐടിയു സമരം തുടങ്ങിയിരുന്നു. ഇത് പിന്നീട് ഹൈക്കോടതിയിലെത്തി. പൊലീസ് സംരക്ഷണത്തില്‍ ബസ് സര്‍വീസ് നടത്താന്‍ സൗകര്യമൊരുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത് പ്രകാരം ബസില്‍ കെട്ടിയ കൊടിയഴിക്കാനെത്തിയ ബസുടമയെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ലാ കമ്മറ്റിയംഗം കെആര്‍ അജയന്‍ രാജ്‌മോഹനെ മര്‍ദ്ദിക്കുകയായിരുന്നു. രാജ്‌മോഹന്റെ പരാതിയില്‍ സംഭവത്തില്‍ കേസെടുത്ത് അജയനെ അറസ്റ്റ് ചെയ്തു. പിന്നാലെ സിപിഎം നേതൃത്വവും മന്ത്രി ശിവന്‍കുട്ടിയും വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.