Thursday, May 16, 2024
keralaNews

ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡ് മറികടന്ന് ധനമന്ത്രി തോമസ് ഐസക്.

നിയമസഭയിലെ അവസാന ബജറ്റ് അവതരണത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ റെക്കോര്‍ഡ് മറികടന്ന് ധനമന്ത്രി തോമസ് ഐസക്. 2 മണിക്കൂര്‍ 55 മിനിറ്റായിരുന്നു കെഎം മാണിയുടെ ബജറ്റ് അവതരണമെങ്കില്‍ മൂന്ന് മണിക്കൂര്‍ പതിനെട്ട് മിനിട്ട് നീണ്ട ബജറ്റാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും നീളമുള്ള ബജറ്റ് പ്രസംഗമാണ് തോമസ് ഐസകിന്റേത്.ഇന്ന് രാവിലെ 9 നാണ് സംസ്ഥാന ബജറ്റ് അവതരണം തുടങ്ങിയത്.

ഈ സര്‍ക്കാരിന്റെ അവസാന സമ്ബൂര്‍ണ ബജറ്റാണ് ഇന്ന് തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത്. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസ് വിദ്യാര്‍ത്ഥിയുടെ കവിത ചൊല്ലികൊണ്ടായിരുന്നു തോമസ് ഐസകിന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. ഏഴാംക്ലാസുകാരി സ്‌നേഹയുടെ കവിതയാണ് തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത്.

ഏപ്രില്‍ മുതല്‍ ക്ഷേമപെന്‍ഷന്‍ 1600 ആയി ഉയര്‍ത്തുമെന്നതായിരുന്നു ധനമന്ത്രിയുടെ ആദ്യ പ്രഖ്യാപനം.ആരോഗ്യം, വിദ്യഭ്യാസം, ഡിജിറ്റല്‍ മേഖലയില്‍ അടക്കം നിരവധി പ്രഖ്യാപനങ്ങളാണ് നടത്തുന്നത്.ഇതിന് പുറമേ ഭക്ഷ്യ സുരക്ഷാ രംഗത്തും വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരുന്നതിനൊപ്പം ഒപ്പം നീല, വെള്ള കാര്‍ഡുകാര്‍ക്ക് 15 രൂപക്ക് 10 കിലോ അരി ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യമേഖലയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പ് വരുത്തും, കേരളത്തിലെ മുഴുവന്‍ വീടുകളിലും ഇന്റനെറ്റ് ലഭ്യമാക്കുന്നതിനായി കെഫോണ്‍ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.അതിനോടൊപ്പം ലൈഫ് മിഷന്‍ പദ്ധതിപ്രകാരം 1 ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.