Thursday, May 2, 2024
keralaNews

പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി നടപ്പിലാക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: സംസ്ഥാനത്തെ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി നടപ്പിലാക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഇടുക്കി ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു മന്ത്രിയായ റോഷി അഗസ്റ്റിനെ കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ച ചടങ്ങിലാണ് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.                                                                                                                                  സമൂഹത്തിലെ സാധാരണ ജനങ്ങളുടെ വിഷയങ്ങള്‍ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കോണ്ട് വന്ന് അധികൃതരുടെ മുന്നില്‍ എത്തിക്കുന്നതില്‍ രാവും പകലുമെന്ന വ്യത്യാസമില്ലാതെ കഷ്ടപ്പെടുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കേണ്ടതാണ്. ലോകമെമ്പാടും കോവിഡ് ദുരിതം അനുഭവിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തിലും മുഴുവന്‍ സമയവും ജോലിയില്‍ ജാഗ്രത പുലര്‍ത്തുന്ന ഇവര്‍ക്ക് സുരക്ഷാ പദ്ധതികള്‍ അടക്കം ഏര്‍പ്പെടുത്തേണ്ടതും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇതിനായി പരിശ്രമിക്കുമെന്നും റോഷി അഗസ്റ്റിന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ഇടുക്കി ജില്ലാ കണ്‍വീനര്‍ ബിജു ലോട്ടസ് മന്ത്രിക്ക് മൊമെന്റോ നല്‍കി ആദരിച്ചു.                                                                                      ജോയിന്റ് കണ്‍വീനര്‍ പ്രീത് ഭാസ്‌കര്‍ പൊന്നാട അണിയിച്ചു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം ജില്ലാ കമ്മിറ്റിയംഗം സണ്ണി പൈമ്പിള്ളില്‍ മന്ത്രിക്ക് നല്‍കി. ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഔസേപ്പച്ചന്‍ ഇടക്കുളം, ജില്ലാ കമ്മറ്റിയംഗം റ്റിന്‍സ് ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.