Thursday, May 9, 2024
keralaNews

പ്രളയത്തിൽ തകർന്ന കൂട്ടിക്കലിന് ഭിന്നശേഷിക്കാരുടെ കൈത്താങ്ങ് .

മുണ്ടക്കയം : പ്രളയത്തെ തുടർന്ന് നാമാവശേഷമായ കുട്ടിക്കലിന് ഭിന്നശേഷിക്കാരുടെ കൈത്താങ്ങ്. കേരളത്തിൽ  വിവിധ തരത്തിലുള്ള ജനതിക വൈകല്യങ്ങൾ ഉൾപ്പെടെയുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികളുടെ മാതാപിതാക്കൾ സമാഹരിച്ച തുകയിൽ നിന്നും ഏന്തയാർ കൂട്ടിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ക്യാമ്പിൽ കഴിയുന്നവർക്ക് വേണ്ട അവശ്യസാധനങ്ങൾ ശേഖരിച്ചു നൽകി. എരുമേലി സ്വദേശിയായ ജനിതക വൈകല്യത്തെ തുടർന്ന് 40% അംഗവൈകല്യമുള്ള കുട്ടിയുടെ മാതാവായ ഗ്രേസ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് അവശ്യസാധനങ്ങൾ സമാഹരിച്ചത്. തുടർന്ന്  തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഏന്തയാറിൽ ഉള്ള കളക്ഷൻ സെന്റെറിൽ വെച്ച് സമാഹരിച്ച് വസ്തുക്കൾ ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ജലി ജേക്കബ് ഗ്രേസിൽ നിന്നും സ്വീകരിച്ചു. ” ജീവിതകാലം മുഴുവൻ ഭിന്നശേഷിക്കാരായ കുട്ടികളുമായി ഇടപഴകുന്ന തങ്ങൾക്ക് സഹജീവികളുടെ ബുദ്ധിമുട്ടുകൾ കൂടുതൽ വേഗത്തിൽ   തിരിച്ചറിയാൻ സാധിക്കും ” എന്ന് ഗ്രേസ് സെബാസ്റ്റ്യൻ പറഞ്ഞു. സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ മികച്ച ജീവകാരുണ്യപ്രവർത്തകക്കുള്ള 2020ലെ അവാർഡ് നേടിയ വ്യക്തിയാണ് ഗ്രേസ് സെബാസ്റ്റ്യൻ.