Thursday, May 9, 2024
keralaNews

പ്രധാനമന്ത്രി  മന്‍ കി ബാത്തില്‍ പരാമര്‍ശിച്ച കായല്‍ സംരക്ഷകന്‍ രാജപ്പന്റെ പണം ബന്ധുക്കള്‍ തട്ടിയെടുത്തതായി പരാതി.

പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ച കുമരകത്തെ കായല്‍ സംരക്ഷകന്‍ രാജപ്പന്റെ അക്കൗണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ കവര്‍ന്നതായി പരാതി. സഹോദരിയും കുടുംബവും ചേര്‍ന്ന് അക്കൗണ്ടിലുള്ള 508,000 രൂപ തട്ടിയെടുത്തതായാണ് പരാതി. ഇതുസംബന്ധിച്ച് രാജപ്പന്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചെറുവള്ളത്തില്‍ തളര്‍ന്ന കാലുമായി കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് മാലിന്യ നിര്‍മ്മാജനത്തിലൂടെയാണ് രാജപ്പനെ ലോകം അറിയുന്നത്.

ഇദ്ദേഹത്തിന്റെ സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകനും ആര്‍പ്പൂക്കര സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പണം തട്ടിയെടുത്തത്. സഹോദരന്റെ സംരക്ഷണത്തിലാണ് രാജപ്പന്‍ താമസിക്കുന്നത്. ഇരുകാലുകളും തളര്‍ന്ന രാജപ്പന്റെ ഉപജീവന മാര്‍ഗം കായലില്‍ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ വിറ്റുള്ള കാശാണ്. പ്രധാനമന്ത്രികൂടി പരാമര്‍ശിച്ചതോടെ വിദേശ രാജ്യങ്ങളില്‍ നിന്നും രാജപ്പനെ തേടി സഹായങ്ങള്‍ ഒഴുകിയെത്തിയിരുന്നു.

കായല്‍ സംരക്ഷണത്തിന് കഴിഞ്ഞ ദിവസം തായ്വാന്റെ പുരസ്‌കാരവും ധനസഹായവും ലഭിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം സൂക്ഷിക്കാന്‍ രാജപ്പന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. അംഗവൈകല്യം ഉള്ളതിനാല്‍ സഹോദരിയുടേയും കൂടി ചേര്‍ത്ത് ജോയിന്റ് അക്കൗണ്ടാണ് രാജപ്പന്റേത്. പല സമയങ്ങളിലായി 21 ലക്ഷം രൂപ എത്തുകയും ചെയ്തു. ഇതില്‍ നിന്നുമാണ് ബന്ധുക്കള്‍ പണം തട്ടിയെടുത്തത്.