Saturday, May 18, 2024
keralaNews

പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് ;മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് അന്വേഷണങ്ങളെ കുറിച്ചായിരുന്നു അംഗങ്ങളുടെ ചോദ്യം. ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കൈക്കൂലി കൊടുത്തെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ആ സംഭവത്തില്‍ ഒരു രഹസ്യാന്വേഷണം നടത്തി. പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. അതിനിടെയാണ് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അത്തരമൊരു അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചത് എന്നും പിണറായി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നല്‍കിയത് തെറ്റായ കീഴ്വഴക്കമെന്ന് കെസി ജോസഫ് പ്രതികരിച്ചു. ചോദ്യം പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ട്, പിഴവുണ്ടെങ്കില്‍ നോക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി. വിഡി സതീശനെതിരായ കേസ് വിദേശത്ത് പോയി അവിടെ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന കേസാണെന്നും അക്കാര്യത്തില്‍ വിജിലന്‍സിന് അന്വേഷിക്കാന്‍ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ മറ്റ് കാര്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൈറ്റാനിയം കേസില്‍ മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കില്ലെന്ന നിലപാടില്‍ സിബിഐ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.