Saturday, April 27, 2024
keralaNewspolitics

പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടന്നു ; ഗുരുതര ആരോപണവുമായി കെ. സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പലയിടത്തും സീല്‍ ചെയ്ത പെട്ടികളില്‍ അല്ല പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പോസ്റ്റല്‍ വോട്ടുകളുടെ സുതാര്യത ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

‘സംസ്ഥാനത്താകെ എത്ര പോസ്റ്റല്‍ ബാലറ്റുകള്‍ അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു, എത്ര ബാലറ്റുകള്‍ ബാക്കിയായി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടണം, സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.’ ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം സ്ഥാനാര്‍ഥികളെ അറിയിക്കുന്നില്ലെന്നും ബാക്കിയായ പോസ്റ്റല്‍ വോട്ടുകള്‍ എവിടെയാണെന്ന് അറിയാനുള്ള അവകാശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.പോസ്റ്റല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘടനാസംവിധാനം സിപിഐഎം ഉണ്ടാക്കിയിട്ടുണ്ട്.

സിപിഎം നേതാക്കളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ബിഎല്‍ഒമാരേയും ഉപയോഗിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ കൃത്രിമം നടത്താനുള്ള ട്രെയിനിങ് സിപിഎം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ സുതാര്യതയും സുരക്ഷിതത്വവുമില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.