Friday, May 17, 2024
keralaNewsObituary

പൊന്‍കുന്നത്ത് സ്വന്തം കുഞ്ഞിനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച അമ്മ 18 വര്‍ഷത്തിന് ശേഷം വീണ്ടും പിടിയില്‍

പൊന്‍കുന്നം: പൊന്‍കുന്നത്ത് സ്വന്തം കുഞ്ഞിനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച കേസില്‍ ഒളിവില്‍ പോയ അമ്മ 18 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പില്‍ വീട്ടില്‍ കുഞ്ഞുമോള്‍ എന്ന് വിളിക്കുന്ന ഓമനയെ(57)യാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

2004ലാണ് ഓമന തന്റെ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളിയത്. കേസില്‍ അറസ്റ്റിലായ ഓമന, ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ 18 വര്‍ഷത്തോളമായി തമിഴ്‌നാട്ടിലെ തിരുപ്പതിയിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

വിവിധ കേസുകളില്‍ കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ് വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഓമന പോലീസിന്റെ പിടിയിലാകുന്നത്.